അവസാന ഓവറിൽ കാർത്തിക് ത്യാഗി മാജിക്; പഞ്ചാബിനെതിരെ രാജസ്ഥാന് വിജയം

 | 
Thyagi

ഐപിഎൽ മത്സരത്തിന്റെ എല്ലാ നാടകീയതയും നിറഞ്ഞ കളിയിൽ സഞ്ജു സാംസണിന്റെ രാജസ്ഥാൻ കെഎൽ രാഹുൽ നയിച്ച പഞ്ചാബിനെ രണ്ടു റൺസിന് തോൽപ്പിച്ചു. അവസാന ഓവറിൽ ജയിക്കാൻ വേണ്ട നാല് റൺസ് മികച്ച കളിക്കാരായ നിക്കോളാസ് പൂരൻ, മാർക്രം എന്നിവർ ക്രീസിൽ ഉണ്ടായിട്ടും പഞ്ചാബിന് നേടാൻ സാധിച്ചില്ല. അവസാന ഓവർ എറിഞ്ഞ കാർത്തിക് ത്യാഗി, ഒരു റൺ മാത്രം വിട്ടുകൊടുത്തു 2 വിക്കറ്റ് വീഴ്ത്തി രാജസ്ഥാൻ റോയൽസിനെ വിജയത്തിലേക്ക് എത്തിച്ചു.

186 റൺസ് ആയിരുന്നു വിജയ ലക്ഷ്യം. 21 പന്തിൽ 32 റൺസ് ആയി പൂരൻ, 18 പന്തിൽ 25മായി മാർക്രം എന്നിവർ ക്രീസിൽ. ആദ്യ പന്ത് യോർക്കർ ലെങ്ത് ബോൾ, മാർക്രം റൺസ് നേടിയില്ല. അടുത്ത പന്തിൽ ഒരു റൺ. മൂന്നാം പന്തിൽ നിക്കോളാസ് പൂരൻ സഞ്ജുവിന് വിക്കറ്റിന് പിന്നിൽ ക്യാച്ച് നൽകി മടങ്ങി. പിന്നാലെ വന്നത് ദീപക് ഹുഡ. ആദ്യ പന്ത് ഡോട്ട്. അടുത്ത പന്തിൽ ഹുഡയും സഞ്ജുവിന് ക്യാച്ച് നൽകി മടങ്ങി. അടുത്ത പന്ത് നേരിടാൻ എത്തിയ ഫാബിയൻ അലന് നോക്കി നിൽക്കാൻ കഴിഞ്ഞുള്ളൂ. രാജസ്ഥാൻ റോയാൽസിന് അവിശ്വസനീയമായ വിജയം. 

നേരത്തെ ഓപ്പണർമാർ നല്ല തുടക്കം ആണ് കിങ്സിന് നൽകിയത്. ആദ്യ വിക്കറ്റിൽ രാഹുൽ, മായങ്ക് സഖ്യം 11.5 ഓവറിൽ 120 റൺസ് നേടി. രാഹുൽ 49ഉം അഗർവാൾ 67റൺസും നേടി. മാർക്രം 26റൺസ് നേടി പുറത്താകാതെ നിന്നു. 

ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന് ഓപ്പണർമാർ ഭേദപ്പെട്ട തുടക്കം നൽകി. ഇവിൻ ലൂവിസ് 21 പന്തിൽ 36ഉം യശസ്വി ജയ്സ്വാൾ 36 പന്തിൽ 49 റൺസും നേടി. സഞ്ജു 4ന് പുറത്തായി. 25 റൺസ് നേടിയ ലിവിങ്സ്റ്റൺ, 17 പന്തിൽ 43 നേടിയ ലോംറോർ എന്നിവർ ആണ് 185 എന്ന നിലയിലേക്ക് ടീമിനെ എത്താൻ സഹായിച്ചത്. 20ഓവറിൽ രാജസ്ഥാൻ ഓൾ ഔട്ട് ആയി. പഞ്ചാബിന് വേണ്ടി അർഷദീപ് സിംഗ് 5 വിക്കറ്റും മുഹമ്മദ് ഷമി 3 വിക്കറ്റും വീഴ്ത്തി.