കരുവന്നൂർ ബാങ്ക് തട്ടിപ്പ്; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി ശോഭാ സുരേന്ദ്രൻ

 | 
shoba surendran


കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ മുഖ്യമന്ത്രിക്കെതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ഒരു ചില്ലിക്കാശ് പോലും നഷ്ടപ്പെടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത് പക്ഷേ, പണം നഷ്ടപ്പെട്ടവർ എന്തുചെയ്യണമെന്ന് മുഖ്യമന്ത്രി പറയണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. 

അസുഖം വന്നാൽ പോലും പണം തിരികെ കിട്ടാത്ത അവസ്ഥയാണ് കരുവന്നൂരിൽ ഉള്ളത്. പണം നഷ്ടപ്പെട്ടുപോയ സഹകാരികളുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം തൃശ്ശൂരിലെ സിപിഎം നേതാക്കൾക്കാണ്. അയ്യന്തോളിൽ സഹകാരികൾ നിക്ഷേപിച്ച പണം തിരികെ കിട്ടണം എന്ന് പറഞ്ഞപ്പോൾ അത്ര പെട്ടെന്ന് തരാൻ കഴിയില്ല എന്നാണ് പ്രസിഡൻ്റ് അറിയിച്ചത്. കരുവന്നൂരിൽ നിന്ന് തട്ടിയ പണം വിദേശത്തേക്ക് പോലും കടത്തി. പി സതീഷ് കുമാർ പണം നിക്ഷേപിച്ചത് വിദേശത്താണ്. പിന്നെ എവിടെ നിന്ന് പണമെടുത്ത് മുഖ്യമന്ത്രി സഹകാരികൾക്ക് കൊടുക്കും? – ശോഭ ചോദിച്ചു. .

സഹകരണ മന്ത്രി വി എൻ വാസവൻ വെറും പാർട്ടി നേതാവായി മാത്രം പെരുമാറുന്നു. അടിയന്തരമായി പണം നഷ്ടപ്പെട്ടവർക്ക് പണം വിതരണം ചെയ്യാൻ സഹകരണ വകുപ്പ് തയ്യാറാകണം. സഹകരണ വകുപ്പ് സിപിഐഎമ്മിന്റെ കയ്യിൽ നിന്ന് മാറ്റാൻ ഘടകകക്ഷികൾ തയ്യാറാകണം. ഊരാളുങ്കൽ സൊസൈറ്റി ആരുടേതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. എത്ര ഷെയർ ആണ് സർക്കാരിൻറെ കയ്യിലുള്ളതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു