കെ.എ.എസ് അഭിമുഖം സെപ്റ്റംബറിനുള്ളിൽ പൂർത്തിയാക്കും, നവംബർ ഒന്നിന് നിയമന ശുപാർശ; മുഖ്യമന്ത്രി

 | 
pinarayi vijayan
നവംബർ ഒന്നിന് കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് തസ്തികകളിൽ നിയമന ശുപാർശ നൽകാൻ പി. എസ്.സി തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

നവംബർ ഒന്നിന് കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് തസ്തികകളിൽ നിയമന ശുപാർശ നൽകാൻ പി. എസ്.സി തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാലക്കാട് പി.എസ്.സി ജില്ലാ ഓഫീസ് ഓൺലൈൻ സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.എ.എസ് അഭിമുഖം സെപ്റ്റംബറിനുള്ളിൽ പി.എസ്.സി പൂർത്തിയാക്കും.

എല്ലാ വകുപ്പുകളിലെയും ഒഴിവ് കൃത്യതയോടെ റിപ്പോർട്ട് ചെയ്യുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ ജോലി എന്നത് ജീവനോപാധി മാത്രമല്ല, ജനസേവനം കൂടിയാണെന്ന ബോധം ഉദ്യോഗാർത്ഥികളിൽ ഉയർത്താനാകും വിധം സിലബസിൽ മാറ്റം വരുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

എല്ലാ ജില്ലകളിലും പി.എസ്.സിക്ക് ഓൺലൈൻ പരീക്ഷ നടത്താൻ കേന്ദ്രങ്ങൾ ഉണ്ടാകണമെന്നും, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ 887 പേർക്ക് ഓൺലൈൻ പരീക്ഷ എഴുതുന്നതിനുള്ള സൗകര്യമുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലക്കാട് ആരംഭിച്ചിരിക്കുന്ന കേന്ദ്രത്തിൽ 345 പേർക്ക് പരീക്ഷ എഴുതാനാകും.

പൊതുസംരംഭങ്ങളിൽ നിന്നും സേവനങ്ങളിൽ നിന്നും സർക്കാർ പിൻവാങ്ങുന്ന നിലയാണ് ഈ കാലയളവിൽ രാജ്യത്തുണ്ടായത്. എന്നാൽ അങ്ങനെ പിൻവാങ്ങുന്ന ഒരു നിലയും സംസ്ഥാനം സ്വീകരിച്ചില്ല. ആരോഗ്യ രംഗത്ത് ആവശ്യമായ നിയമനം നടത്താത്ത പ്രദേശങ്ങളും സംസ്ഥാനങ്ങളും കൊവിഡിനെ നേരിട്ട അനുഭവവും നിയമനം നടത്തിയ കേരളം നേരിട്ട നിലയും നമ്മുടെ മുന്നിലുണ്ട്.
സിവിൽ സർവീസിനെ ശക്തിപ്പെടുത്താൻ പി. എസ്. സിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും ആവശ്യമായ പശ്ചാത്തല സൗകര്യമൊരുക്കാനും വേണ്ട പിന്തുണ നൽകുകയെന്നതാണ് സർക്കാരിന്റെ സമീപനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.