കാസര്‍കോട് 50 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന യോഗങ്ങള്‍ വിലക്കി ഹൈക്കോടതി
പൊതുസമ്മേളനങ്ങള്‍ വിലക്കുന്ന ഉത്തരവ് പിന്‍വലിച്ച കാസര്‍കോട് ജില്ലാ കളക്ടറുടെ നടപടിക്കെതിരെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ജില്ലയില്‍ 50 പേരില്‍ കൂടുതലാളുകള്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ കോടതി വിലക്കി. 50 പേരില്‍ കൂടുതല്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.
പുതുക്കിയ കോവിഡ് നിയന്ത്രണങ്ങള്‍ അനുസരിച്ച് ജില്ലയില്‍ പൊതുസമ്മേളനങ്ങള്‍ വിലക്കിക്കൊണ്ട് വ്യാഴാഴ്ച കളക്ടര്‍ ഉത്തരവിറക്കിയെങ്കിലും രണ്ടു മണിക്കൂറിനകം പിന്‍വലിച്ചിരുന്നു. വെള്ളിയാഴ്ചയാണ് സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനം ആരംഭിച്ചത്. ഇത് വിവാദമാകുകയും കളക്ടറുടെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെടുകയുമായിരുന്നു.
റിപ്പബ്ലിക് ദിനാഘോഷത്തില്‍ പോലും ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയപാര്‍ട്ടികളുടെ സമ്മേനങ്ങള്‍ക്ക് എന്താണ് പ്രത്യേകതയെന്നാണ് ഇതു സംബന്ധിച്ച് ഹൈക്കോടതി ചോദിച്ചത്. വിവാദത്തെ തുടര്‍ന്ന് കാസര്‍കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ രണ്ടു ദിവസമായി വെട്ടിച്ചുരുക്കിയിട്ടുണ്ട്.