കെനിയ വാഹനാപകടം; അഞ്ച് മലയാളികൾ അടക്കം 6 മരണം, മരിച്ചവരിൽ പാലക്കാട് സ്വദേശികളായ അമ്മയും മകളും

 | 
kenya accident

ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് അഞ്ച് മലയാളികൾ ഉള്‍പ്പടെ ആറ് പേര്‍ മരിച്ചു. പാലക്കാട്, തൃശ്ശൂർ, തിരുവല്ല സ്വദേശികളാണ് മരിച്ചത്. 14 മലയാളികളാണ് സംഘത്തിലുണ്ടായിരുന്നത്. അപകടത്തില്‍ 27 പേർക്ക് പരിക്കേറ്റു. കനത്ത മഴയിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്.

നാല് പുരുഷന്മാരും ഒരു സ്ത്രീയും കുട്ടിയുമാണ് മരിച്ചതെന്നാണ് കെനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മരിച്ചവരിൽ പാലക്കാട് സ്വദേശികളായ അമ്മയും മകളും ഉള്‍പ്പെടുന്നു. പാലക്കാട് മണ്ണൂർ കാഞ്ഞിരംപ്പാറ സ്വദേശിനി റിയ ആനും (41) മകള്‍ ടൈറ റോഡ്വിഗസും (7) ആണ് മരിച്ചത്. അപകടത്തിൽ ഇവരുടെ ഭർത്താവ് ജോയൽ, മകൻ ട്രാവിസ് എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണപ്പെട്ട മറ്റുള്ളവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.

ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. സംഘം സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ വെച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്ച പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. ന്യാഹുരുരുവിലെ പനാരി റിസോർട്ടിലേക്ക് പോകുന്നതിനിടെയാണ് ബസ് കുഴിയിലേക്ക് മറിഞ്ഞത്. ഏകദേശം 100 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്. അപകടത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.