കേരള കോണ്‍ഗ്രസ് (ബി) പിളര്‍ന്നു; പിള്ളയുടെ മകള്‍ ചെയര്‍പേഴ്‌സണായി വിമത വിഭാഗം
കേരള കോണ്‍ഗ്രസ് (ബി) പിളര്‍ന്നു. കൊച്ചിയില്‍ ചേര്‍ന്ന വിമത വിഭാഗം ആര്‍.ബാലകൃഷ്ണപിള്ളയുടെ മകളും കെ.ബി.ഗണേഷ്‌കുമാറിന്റെ സഹോദരിയുമായ ഉഷ മോഹന്‍ദാസിനെ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുത്തു. ഗണേഷിനെതിരെ കടുത്ത ആക്ഷേപങ്ങളാണ് വിമതര്‍ ഉന്നയിക്കുന്നത്. സ്വയം പ്രഖ്യാപിത ചെയര്‍മാനാണ് ഗണേഷ്‌കുമാര്‍ എന്നും ഗണേഷ് പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടി ഭരണഘടന അനുസരിച്ചല്ലെന്നും ഇവര്‍ ആരോപിച്ചു.
ചെയര്‍മാനായിരുന്ന ബാലകൃഷ്ണപിള്ളയുടെ മരണശേഷം പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ അതിന് ഗണേഷ് തയ്യാറായിരുന്നില്ലെന്നാണ് ആരോപണം. തല്‍ക്കാലത്തേക്ക് ഗണേഷിന് ചുമതല നല്‍കിയിരുന്നു. കോവിഡ് ആയിരുന്നതിനാല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല.
എന്നാല്‍ ഗണേഷ് ഏകപക്ഷീയമായി നീങ്ങുന്നുവെന്നാണ് വിമതരുടെ ആരോപണം. സംസ്ഥാന സമിതിയിലെ 74 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും അതുകൊണ്ടുതന്നെ ഔദ്യോഗിക പക്ഷം തങ്ങളാണെന്നും വിമത പക്ഷം അവകാശപ്പെടുന്നു. ഗണേഷ് കുമാറുമായി ഒരുമിച്ചു പോകുന്നതിനാണ് താല്‍പര്യം. അതിനുള്ള ശ്രമം നടക്കുന്നുണ്ട്. പാര്‍ട്ടി പിളര്‍ത്താന്‍ ആഗ്രഹിക്കുന്നില്ല. കുടുംബപരമായ കാര്യങ്ങളും രാഷ്ട്രീയ കാര്യങ്ങളും കൂട്ടിക്കുഴയ്ക്കരുതെന്നും ഉഷ മോഹന്‍ദാസ് പറഞ്ഞു.