എല്ലാ ഓണത്തിനും കടമെടുക്കുന്ന സംസ്ഥാനമായി കേരളം മാറി, വരും തലമുറ വലിയ വില നൽകേണ്ടിവരും: ശശി തരൂർ
കേരളത്തിൽ ഹർത്താലുകൾ നിരോധിക്കാൻ നിയമം പാസാക്കണമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. സംസ്ഥാനം വ്യവസായത്തിന് തടസം നിൽക്കുന്ന നിയമങ്ങൾ പുനഃപരിശോധിക്കണം. വ്യവസായത്തിന് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതിന് ആവശ്യമായ നിയമനിർമ്മാണം നടത്തണം. സിങ്കപ്പൂരിൽ ഒരു സംരംഭം ആരംഭിക്കാൻ മൂന്ന് ദിവസം മതിയാകുമ്പോൾ ഇന്ത്യയിൽ അതിന് 120 ദിവസവും കേരളത്തിൽ 200ൽ അധികം ദിവസവും ആവശ്യമായി വരുന്നുവെന്നും തരൂർ കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് അടുത്ത അഞ്ച് വർഷത്തിൽ പത്ത് ലക്ഷം യുവാക്കൾ നാടുവിടും. കേരളത്തിൽ തൊഴിലില്ലായ്മ രൂക്ഷമാണ്. വിദ്യാഭ്യാസവും കഴിവുമുള്ള യുവാക്കളാണ് തൊഴിലില്ലാതെ വലയുന്നതെന്നും ശശി തരൂർ എംപി പറഞ്ഞു. ദേശീയതലത്തിൽ കേരളത്തിലെ തൊഴിലില്ലായ്മ നാൽപ്പത് ശതമാനമാണെന്നും എംപി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ സാമ്പത്തിക അവസ്ഥ ഗുരുതരമായ സ്ഥിതിയിൽ ആണ്. സർക്കാരിന്റെ കയ്യിൽ ചില്ലി കാശില്ല. എല്ലാ ഓണത്തിനും കടമെടുക്കുന്ന സംസ്ഥാനമായി കേരളം മാറി. നമ്മുടെ കുട്ടികളും പേരക്കുട്ടികളും ഇതിന് വലിയ വില നൽകേണ്ടി വരുമെന്നും ശശി തരൂർ പറഞ്ഞു.