മനുഷ്യരെ തുല്യരായി കണ്ടും ഒറ്റക്കെട്ടായി പ്രശ്‌നങ്ങളെ നേരിട്ടും കേരളം രാജ്യത്തിന് മാതൃകയായി: മുഖ്യമന്ത്രി പിണറായി വിജയൻ

 | 
pinarayi vijayan

മനുഷ്യരെ എല്ലാവരേയും തുല്യരായി കണ്ടും പ്രശ്‌നങ്ങളെ ഒറ്റക്കെട്ടായി പരിഹരിച്ചും കേരളം രാജ്യത്തിന് മാതൃകയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരുമയും മതനിരപേക്ഷതയും ശാസ്ത്ര ചിന്തയും അതിന് ഉപകരിച്ചുവെന്നും അതിനെ തകർക്കാനുള്ള ശ്രമങ്ങളെ നുള്ളിയെറിയണമെന്നും സ്വാതന്ത്ര്യദിന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുയായിരുന്നു മുഖ്യമന്ത്രി. പൊലീസ് മെഡലുകളും മുഖ്യമന്ത്രി സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് സമ്മാനിച്ചു.


സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വാതന്ത്ര്യദിന പ്രസംഗം. കഴിഞ്ഞ ഏഴ് വർഷം കൊണ്ട് കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനം 84 ശതമാനം വർധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ പ്രതിശീർഷ വരുമാനം 54 ശതമാനം വർധിച്ചു. വ്യവസായ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാൻ സംരംഭക വർഷം പദ്ധതി നടപ്പാക്കി. 100000 സംരംഭങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ആദ്യത്തെ എട്ടുമാസം കൊണ്ട് ലക്ഷ്യത്തെ മറികടക്കാൻ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.