കേരളം കേന്ദ്രത്തിന്റെ അടിമയല്ല, സംസ്ഥാന താൽപര്യം പറയുമ്പോൾ ക്ഷോഭിച്ചിട്ട് കാര്യമില്ല; വി മുരളീധരന് മറുപടിയുമായി കെ എൻ ബാലഗോപാൽ

 | 
g

കേരളം കേന്ദ്രത്തിന്റെ അടിമയല്ലെന്നും അടിമ ഉടമ ബന്ധമല്ല കേന്ദ്രവും സംസ്ഥാനവും തമ്മിൽ വേണ്ടതെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ. കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസ്താവനക്ക് മറുപടി പറയവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കേന്ദ്ര മന്ത്രി തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ് നടത്തിയത്. കേരളത്തിന്റെ ഖജനാവും ജനങ്ങളുടെ താത്പര്യവും സംരക്ഷിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വം. ഇത് പറയുമ്പോൾ കേന്ദ്രമന്ത്രി ക്ഷോഭിച്ചിട്ട് കാര്യമില്ല. സംസ്ഥാനങ്ങൾക്ക് ലഭിക്കാനുള്ള തുക സാങ്കേതികത്വം പറഞ്ഞ് കേന്ദ്രം തടയുകയാണ്. 


സംസ്ഥാനങ്ങളിൽ നിന്നാണ് ഭൂരിഭാഗം പണവും പിരിക്കുന്നത്.ജനസംഖ്യാനുപാതികമായി വരുമാനത്തിൽ കുറവു വരുത്തിയപ്പോൾ കേരളത്തിന് വലിയ കുറവാണ് വരുത്തിയത്. മാനദണ്ഡ പ്രകാരമായല്ല ഈ കുറവെന്നും ധനമന്ത്രി പറഞ്ഞു. കേരളത്തിന്റെ താൽപര്യം പറയുമ്പോ ഇവിടുള്ളവർ മണ്ടൻമാരാണോ എന്ന് ചോദിക്കുകയാണ് കേന്ദ്രസഹമന്ത്രി. സംസ്ഥാനത്തിന് കിട്ടാനുള്ള പണം കിട്ടണം. കിട്ടാനുള്ളതിന്റെ കണക്കാണ് ഞങ്ങൾ പറയുന്നത്. 6000 കോടി നിലവിലെ കുടിശികയാണെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.