'കേരള സ്കൂൾ ഒളിമ്പിക്സ്'; ഈ വർഷത്തെ സ്കൂൾ കായികോത്സവം ഒളിമ്പിക്സ് മാതൃകയിൽ

 | 
School Olympics

ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികോത്സവം ഒളിമ്പിക്സ് മാതൃകയിൽ 'കേരള സ്കൂൾ ഒളിമ്പിക്സ്' ആയി നടത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. രാജ്യത്ത് ആദ്യമായി കൊച്ചിയിൽ സംഘടിപ്പിക്കുന്ന സ്കൂൾ ഒളിമ്പിക്സ് ചരിത്രസംഭവമാകുമെന്നും ഉദ്ഘാടന ചടങ്ങിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സിനോട് അനുബന്ധിച്ചു ചേർന്ന സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒളിമ്പിക്സിൻ്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിനോടൊപ്പം വിവിധ കായിക മേളകളിൽ പങ്കെടുക്കുന്നതിന് പ്രാപ്തരാക്കേണ്ടതിൻ്റെ ഭാഗമായാണ് ഈ നീക്കം.

ഒളിമ്പിക്സ് മാതൃകയിൽ കേരള സ്കൂൾ ഒളിമ്പിക്സ് – കൊച്ചി ’24 എന്ന പേരിൽ നവംബർ 4 മുതൽ 11 വരെയാണ് പ്രഥമ സ്കൂൾ ഒളിമ്പിക്സ് സംഘടിപ്പിക്കുന്നത്. കലൂർ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കുന്നത്. ഒളിമ്പിക്സിനെ അനുസ്മരിപ്പിക്കുന്ന വിപുലമായ സമാപന സമ്മേളനം സംഘടിപ്പിക്കും. ഒന്നാം സമ്മാനം നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിൽ സ്വർണക്കപ്പ് സമ്മാനമായി നൽകുമെന്നും മന്ത്രി പറഞ്ഞു.

24,000 കായിക പ്രതിഭകൾ അണ്ടർ 14, 17, 19 എന്നീ കാറ്റഗറിയിൽ 41 കായിക ഇനങ്ങളിൽ മത്സരിക്കും. പതിനായിരത്തോളം മത്സരങ്ങളാണ് നടക്കുന്നത്. എട്ടുദിവസം പകലും രാത്രിയുമായി നടക്കുന്ന കായിക മാമാങ്കം ലോകത്തിലെതന്നെ ഏറ്റവും വലിയ മേളയായിരിക്കും. ചരിത്ര സംഭവമാകുന്ന സ്കൂൾ ഒളിമ്പിക്സ് വൻ വിജയമാക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം ഉണ്ടാകണമെന്ന് മന്ത്രി അഭ്യർഥിച്ചു.

സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് ഓരോ നാല് വർഷം കൂടുമ്പോഴും ഒളിമ്പിക്സ് മാതൃകയിൽ നടത്തും. സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികൾക്കുവേണ്ടി കായികോത്സവത്തിന്റെ ഭാഗമായി രാജ്യത്താദ്യമായി ഇൻക്ലൂസീവ് സ്പോർട്സ് ഈ വർഷം ആരംഭിക്കും. എറണാകുളം ജില്ലയിൽ 16 സ്ഥലങ്ങളിലെ വിവിധ വേദികളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. കുട്ടികൾക്ക് താമസിക്കുന്നതിനായി അൻപതോളം സ്കൂളുകൾ തെരഞ്ഞെടുത്തിട്ടുണ്ട്.