കേരള വർമ്മ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്; SFI ചെയർമാൻ സ്ഥാനാർഥിയുടെ വിജയം റദ്ദാക്കി, വീണ്ടും വോട്ടെണ്ണണമെന്ന് ഹൈക്കോടതി

 | 
jjjjj

തൃശൂർ: കേരള വർമ്മ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനത്തേക്കുള്ള എസ്എഫ്‌ഐ സ്ഥാനാർത്ഥി അനിരുദ്ധന്റെ വിജയം ഹൈക്കോടതി റദ്ദാക്കി. വീണ്ടും വോട്ടെണ്ണൽ നടത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. കെ എസ് യു ചെയർമാൻ സ്ഥാനാർത്ഥി എസ് ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന കെഎസ് യുവിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ജസ്റ്റിസ് ടിആർ രവി അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് നിർദ്ദേശം. 

കേരളവർമ കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പ് എസ്എഫ്ഐ അട്ടിമറിച്ചെന്നാരോപിച്ചാണ് കെഎസ്‌യു നിയമനടപടിയുമായി മുന്നോട്ട് പോയത്. ഒരു വോട്ടിന് കെഎസ്‌യു സ്ഥാനാർഥി എസ് ശ്രീക്കുട്ടൻ ജയിച്ച ശേഷം റീ കൗണ്ടിങ്ങിന്റെ പേരിൽ അട്ടിമറി നടത്തിയെന്നായിരുന്നു ആക്ഷേപം. തുല്യ വോട്ടുകൾ വന്നപ്പോൾ റീ കൗണ്ടിങ് നടത്തിയെന്നും 11 വോട്ടിന് ജയിച്ചെന്നുമാണ് എസ്എഫ്ഐ വാദം. 11 വോട്ടിന് ചെയർമാൻ സ്ഥാനാർഥി കെഎസ് അനിരുദ്ധൻ ജയിച്ചതായും എസ്എഫ്ഐ പറഞ്ഞു. 32 വർഷത്തിന് ശേഷമാണ് ജനറൽ സീറ്റിൽ ആദ്യ ഘട്ടത്തിൽ കെഎസ്‌യു വിജയിച്ചത്.