അരമണിക്കൂര്‍ അഭിമുഖം ഒരു മിനിറ്റിലേക്ക് വെട്ടിച്ചുരുക്കി; പുറത്തു വന്നപ്പോള്‍ കോണ്‍ഗ്രസ് വിരുദ്ധം; വി.കെ.ശ്രീകണ്ഠനെ വെട്ടിലാക്കിയത് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറെന്ന് ആരോപണം

പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്ത്ഥി വി.കെ.ശ്രീകണ്ഠന് കെപിസിസിക്കെതിരെ സംസാരിച്ചുവെന്ന വാര്യ്ക്ക് പിന്നില് ഏഷ്യാനെറ്റ് റിപ്പോര്ട്ടറെന്ന് ആരോപണം. വോട്ടെടുപ്പിന്റെ പിറ്റേദിവസം ഏഷ്യാനെറ്റ് പുറത്തുവിട്ട വാര്ത്തയില് കെ പി സി സിയ്ക്കെതിരെയും പാര്ട്ടിക്കെതിരെയും ശ്രീകണ്ഠന് ആരോപണം ഉന്നയിച്ചെന്നായിരുന്നു വാര്ത്ത.
 | 
അരമണിക്കൂര്‍ അഭിമുഖം ഒരു മിനിറ്റിലേക്ക് വെട്ടിച്ചുരുക്കി; പുറത്തു വന്നപ്പോള്‍ കോണ്‍ഗ്രസ് വിരുദ്ധം; വി.കെ.ശ്രീകണ്ഠനെ വെട്ടിലാക്കിയത് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറെന്ന് ആരോപണം

പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.കെ.ശ്രീകണ്ഠന്‍ കെപിസിസിക്കെതിരെ സംസാരിച്ചുവെന്ന വാര്‍യ്ക്ക് പിന്നില്‍ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറെന്ന് ആരോപണം. വോട്ടെടുപ്പിന്റെ പിറ്റേദിവസം ഏഷ്യാനെറ്റ് പുറത്തുവിട്ട വാര്‍ത്തയില്‍ കെ പി സി സിയ്‌ക്കെതിരെയും പാര്‍ട്ടിക്കെതിരെയും ശ്രീകണ്ഠന്‍ ആരോപണം ഉന്നയിച്ചെന്നായിരുന്നു വാര്‍ത്ത.

ശ്രീകണ്ഠനെ വെട്ടിലാക്കുക എന്ന ലക്ഷ്യത്തോടെ അരമണിക്കൂര്‍ നേരം നടത്തിയ അഭിമുഖത്തില്‍ നിന്നും പ്രധാന ഭാഗങ്ങളൊക്കെ വെട്ടിമാറ്റി പാര്‍ട്ടി വിരുദ്ധമെന്ന് തോന്നിക്കാവുന്ന ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തായിരുന്നു വാര്‍ത്ത. അതേസമയം, മറ്റു ചാനലുകള്‍ വാര്‍ത്ത കൃത്യമായാണ് റിപ്പോര്‍ട്ട് ചെയ്തത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പിന്നോക്കം പോയത് മറ്റ് മുന്നണി സ്ഥാനാര്‍ഥികള്‍ ലക്ഷങ്ങള്‍ ഇറക്കി പ്രചാരണം പൊടിപൊടിച്ചതുകൊണ്ടായിരുന്നെന്നായിരുന്നു ശ്രീകണ്ഠന്റെ പ്രതികരണം.

തങ്ങള്‍ക്ക് അത്രയും പണമിറക്കാന്‍ ഉണ്ടായിരുന്നില്ല. എന്തുകൊണ്ട് അപ്പോള്‍ കെ പി സി സി ഫണ്ട് തന്നില്ലേ എന്നായിരുന്നു റിപ്പോര്‍ട്ടറിന്റെ ചോദ്യം. കെ പി സി സി ഫണ്ട് തന്നില്ല എന്ന് തന്നെയായിരുന്നു ശ്രീകണ്ഠന്‍ പറഞ്ഞത്. പക്ഷെ അപ്പോള്‍ അതിന്റെ കാരണവും ശ്രീകണ്ഠന്‍ വ്യക്തമാക്കിയിരുന്നു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡി സി സികള്‍ പണംപിരിച്ച് കെ പി സി സിക്ക് നല്‍കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് തലേദിവസം അവസാനിച്ച ജയ്‌ഹോ പദയാത്ര ഉള്‍പ്പെടെ നടത്തി ഒരുപാട് പണം ചിലവഴിച്ച ഡി സി സി എന്ന നിലയില്‍ കെ പി സി സിക്ക് ഫണ്ട് നല്‍കാന്‍ പാലക്കാട് ഡി സി സിക്ക് കഴിഞ്ഞില്ല.

പാലക്കാട് മാത്രമല്ല മറ്റ് 8 ഡി സി സികള്‍ക്കും അതിന് കഴിഞ്ഞിരുന്നില്ല. അങ്ങനെ നില്‍ക്കുന്ന പണത്തില്‍ നിന്നുള്ള ഒരു വീതമാണ് മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് ഫണ്ടായി നല്‍കുക. അങ്ങോട്ട് ഫണ്ട് കൊടുക്കാന്‍ സാധിക്കാതെ ഇരുന്നതിനാല്‍ ഇങ്ങോട്ടും ഫണ്ട് വന്നില്ല എന്നായിരുന്നു ശ്രീകണ്ഠന്റെ മറുപടി.

എന്നാല്‍ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ കെ പി സി സി ഫണ്ട് നല്‍കിയില്ല എന്നതൊഴികെ മറ്റ് ഭാഗങ്ങളൊക്കെ വെട്ടിനിരത്തി തന്റെ ഇഷ്ടപ്രകാരം വാര്‍ത്ത പുറത്തുവിട്ടു. കെ പി സി സി തെരഞ്ഞെടുപ്പ് ഫണ്ട് നല്‍കിയില്ലെന്നും പ്രചരണം മന്ദീഭവിക്കാന്‍ കാരണം കെ പി സി സി ആണെന്നും തനിക്കെതിരെ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും അക്കാര്യം തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം തെളിവ് സഹിതം പുറത്തുകൊണ്ടുവരും എന്നും ശ്രീകണ്ഠന്‍ പറഞ്ഞതായിട്ടായിരുന്നു ഏഷ്യാനെറ്റിന്റെ റിപ്പോര്‍ട്ട്.

എന്നാല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞ ശേഷം രണ്ടാംഘട്ടം മുതല്‍ യു ഡി എഫ് വന്‍ മുന്നേറ്റമാണ് പ്രചരണത്തില്‍ നടത്തിയതെന്നും ഫണ്ട് പ്രശ്‌നങ്ങളൊക്കെ പരിഹരിക്കപ്പെട്ടിരുന്നെന്നും ശ്രീകണ്ഠന്‍ പറയുന്നുണ്ട്. രണ്ടും മൂന്നും ഘട്ടങ്ങളിലും പ്രചാരണ സമാപനത്തിലുമൊക്കെ പിന്നീട് ഒന്നാം സ്ഥാനത്ത് നിന്നത് യു ഡി എഫ് ആയിരുന്നു.

പാലക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെ പി സി സിയില്‍ നിന്നും നിയോഗിച്ച ഉന്നത നേതാക്കളും ഉറക്കമിളച്ച് നടത്തിയ കഠിന പരിശ്രമങ്ങളാണ് പ്രചരണത്തില്‍ ഉണ്ടാക്കിയ യു ഡി എഫിന്റെ വന്‍ മുന്നേറ്റത്തിന് കാരണം. കൊട്ടിക്കലാശത്തില്‍ പോലും യു ഡി എഫ് ആയിരുന്നു മുന്നില്‍. അങ്ങനൊരു സാഹചര്യത്തില്‍ താനെങ്ങനെ പാലക്കാട്ടെ പാര്‍ട്ടി പ്രവര്‍ത്തകരെയും കെ പി സി സിയെയും പഴിക്കും എന്നാണു ശ്രീകണ്ഠന്‍ ചോദിക്കുന്നത്.

തനിക്കെതിരെ ഗൂഡാലോചന നടന്നു എന്ന ശ്രീകണ്ഠന്റെ വാക്കുകളും ബാക്കി ഭാഗങ്ങള്‍ കട്ട് ചെയ്ത് നീക്കി പാര്‍ട്ടിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന രീതിയിലായിരുന്നു നല്‍കിയത്. തനിക്കെതിരെ ഗൂഡാലോചന നടന്നിട്ടുണ്ട്. അത് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ അല്ല. പുറത്ത് നിന്നാണ്. മേയ് 23 ന് ശേഷം അക്കാര്യങ്ങള്‍ തെളിവുസഹിതം പുറത്തുകൊണ്ടുവരും എന്നാണു ഞാന്‍ പ്രതികരിച്ചത്.

അതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും ശ്രീകണ്ഠന്‍ പറഞ്ഞു. അത് തനിക്കെതിരെ ഗൂഡാലോചന നടന്നു എന്ന ഭാഗം ഒഴികെ മറ്റുള്ളതെല്ലാം കട്ട് ചെയ്ത് നീക്കി അവതരിപ്പിച്ചതോടെ പാര്‍ട്ടിയെ ശ്രീകണ്ഠന്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി എന്നായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നത്.