യക്ഷപ്രശ്നവുമായി ജി. വേണുഗോപാല്‍; വീഡിയോ പുറത്ത്

മഹാഭാരതത്തിലെ പ്രധാനപ്പെട്ട കഥാസന്ദര്‍ഭമായ യക്ഷപ്രശ്നം ജി. വേണുഗോപാലിന്റെ ശബ്ദത്തിലൂടെ ആസ്വാദകരിലേക്ക് എത്തിച്ചിരിക്കുകയാണ് അമേരിക്കന്‍ മലയാളിയായ രമ്യ സജീഷ്. രിസരിസ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച ഈ സംഗീത വീഡിയോയില്‍ പൂര്‍ണ്ണമായും സംസ്കൃതത്തിലുള്ള വരികളാണ് ഉള്ളത്. പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ ഭാഷകളേയും ക്ഷേത്ര പാരമ്പര്യ കലകളേയും പ്രോല്‍സാഹിപ്പിക്കാനായി തുടങ്ങിയ https://www.resaresa.org/ എന്ന വെബ്സൈറ്റും അതിന്റെ യുട്യൂബ് ചാനലും വഴിയാണ് വീഡിയോ ആസ്വാദകരിലേക്ക് എത്തുന്നത്. സംസ്കൃതത്തിലുള്ള ആലാപനത്തിനൊപ്പം മലയാളത്തിലും ഇംഗ്ലീഷിലുമുള്ള വിവരണവും ഉണ്ട്. മഹാഭാരതത്തിലെ വരികള്‍ വളരെ ലളിത സുന്ദരമായി വേണുഗോപാല്‍ പാടിയിരിക്കുന്നു.
നേരത്തെ കാവാലം ശ്രീകുമാര്‍ ആലപിച്ച കാളിദാസന്റെ മേഘസന്ദേശവും രമ്യ സജീഷ് പുറത്തിറക്കിയിരുന്നു. ചാണക്യനീതിയാണ് അടുത്തതായി പുറത്തിറങ്ങുന്നത്. പ്രശസ്ത പിന്നണി ഗായകരായ കാര്‍ത്തിക്, അനൂപ് ശങ്കര്‍, വിജി വിശ്വനാഥ്, അഭിലാഷ് എന്നിവരാണ് ചാണക്യനീതിയില്‍ പാടിയിട്ടുള്ളത്. അമേരിക്കന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ ഫാക്കല്‍റ്റിയായ രമ്യ സജീഷ് മെംഫിസ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥി കൂടിയാണ്. കാലടി ശ്രീശങ്കര സര്‍വകലാശാലയില്‍ നിന്നും സംസ്കൃതത്തില്‍ ബിരുദാനന്തര ബിരുദം നേടിയ രമ്യ ഗുരുവായൂര്‍ സ്വദേശിയാണ്.
യക്ഷപ്രശ്നം
വനവാസ കാലത്ത് യമധര്മ്മന് യക്ഷവേഷത്തില്‍ യുധിഷിഠിരനുമായി നടത്തുന്ന ധര്‍മ്മ പ്രശ്നോത്തരിയാണ് ഇത്. ദാഹത്താല്‍ വലഞ്ഞ യുധിഷ്ഠിരനു വേണ്ടി തടാകത്തിലേക്ക് വെള്ളം കൊണ്ടുവരാന്‍ പോകുന്ന പാണ്ഡവ സഹോദരങ്ങള്‍ ഓരോരുത്തരായി മരിച്ചു വീഴുന്നു. തടാകത്തിന്റെ ഉടമയാണെന്ന് അവകാശപ്പെട്ട യക്ഷന്റെ ആജ്ഞക്ക് വിരുദ്ധമായി വെള്ളമെടുത്തതിനാലാണ് ഇവര്‍ മരിക്കുന്നത്. അവസാനമെത്തിയ യുധിഷ്ഠിരന് യക്ഷനുമായി സംവാദത്തില്‍ ഏര്‍പ്പെടുന്നു. യുധിഷ്ഠിരന്റെ ഉത്തരങ്ങളിലും ധര്‍മ്മ ബോധത്തിലും സംപ്രീതനായ യമന്‍ താന്‍ ആരെന്ന് വെളിപ്പെടുത്തുകയും പാണ്ഡവ സഹോദരങ്ങളെ ജിവിതത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്യുന്നതാണ് കഥാസന്ദര്‍ഭം.