പാലക്കാട് ശ്രീകണഠന് സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യം; നെല്ലറ പിടിക്കാന്‍ ശ്രീകണഠനേ സാധിക്കൂ എന്ന് അണികള്‍

പാലക്കാട്: പാലക്കാട് പിടിക്കാന്‍ യുഡിഎഫ് വി.കെ.ശ്രീകണ്ഠനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ കോണ്‍ഗ്രസ് കനത്ത പ്രചാരണത്തിനു തുടക്കമിട്ട മണ്ഡലത്തില്‍ ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠന് തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് വിലയിരുത്തല്‍. ശ്രീകണ്ഠന്റെ നേതൃത്വത്തില്‍ നടന്ന ജയ്ഹോ യാത്രക്കു മികച്ച പ്രതികരണമാണ് ലഭിച്ചതെന്നു ശ്രീകണ്ഠനെ പിന്തുണക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധനേടുന്ന മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. തുടര്‍ച്ചയായി രണ്ടു തവണ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംബി രാജേഷ് എംപി തന്നെയാണ് ഇക്കുറിയും ഇടതു പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി. എന്നാല്‍ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ നിലപാടു വ്യക്തമാക്കിയിട്ടില്ല.
കെപിസിസിയും വി കെ ശ്രീകണ്ഠന്റെ പേരാണ് പാലക്കാട് സീറ്റിലേക്ക് പ്രഥമപരിഗണന നല്കി സമര്‍പ്പിച്ചിട്ടുള്ളത്. ഷാഫി പറമ്പില്‍ എംഎല്‍എയുടെ പേര് നേരത്തെ ഉയര്‍ന്നു കേട്ടിരുന്നെങ്കിലും എംഎല്‍എയായിരിക്കെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ഫാഫി പറമ്പിലിന്റെ നിലപാട്. ഇതോടെ വി കെ ശ്രീകണ്ഠന് സാധ്യതയേറിയിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയം നീളുന്നതിനിടെ, ‘നെല്ലറയുടെ നാട്’ പിടിക്കാന്‍ ശ്രീകണ്ഠന് മാത്രമെ കഴിയൂ എന്ന് അണികള്‍ക്കിടയില്‍ മുറവിളി ഉയര്‍ന്നിട്ടുണ്ട്.
25 ദിവസം കൊണ്ട് ജില്ലയിലെ മുഴുവന്‍ ഗ്രാമങ്ങളിലൂടെയും കാല്‍നടയായി കടന്നുപോകുന്ന വികെ ശ്രീകണ്ഠന് നയിക്കുന്ന പദയാത്ര മണ്ഡലത്തില്‍ വലിയ സ്വാധീനമാണ് സൃഷ്ടിച്ചത്. ഇത് വോട്ടായി മാറുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. അതേസമയം പാലക്കാട് ഇത്തവണയും തങ്ങളെ കൈവിടില്ലെന്നു ഉറച്ച വിശ്വാസത്തില്‍ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുകയാണ് പാലക്കാട്ടെ ഇടതുപക്ഷം. ലോക്സഭാ മണ്ഡലത്തിലുള്‍പെടുന്ന കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചെണ്ണത്തിലും ഇടതുമുന്നണിക്കാണ് ഭൂരിപക്ഷം.
സംസ്ഥാനത്തു ഇടതുപക്ഷത്തിനു വന്‍ തകര്‍ച്ച നേരിട്ട 2009ല്‍ പോലും പാലക്കാട് ഇടതിനെ നെഞ്ചേറ്റിയിരുന്നു. 1,820 വോട്ടുകള്‍ക്കായിരുന്നു അന്നു രാജേഷ് സതീശന് പാച്ചേനിയെ തോല്പിച്ചത്. 2014ല്‍ എംപി വീരേന്ദ്രകുമാറിനെ 1,05,300 വോട്ടുകള്‍ക്കു അടിയറവു പറയിച്ചും രാജേഷ് ലോക്സഭയിലെത്തി. എ കെ ജിയെയും നായനാരെയും വിജയിപ്പിച്ച മണ്ഡലമായ പാലക്കാട്ട് ഏതു സ്ഥാനാര്‍ഥിയെ നിര്‍ത്തിയാലും വിജയിക്കുമെന്നാണ് ഇടതുപക്ഷം വിചാരിക്കുന്നത്.