കിലോയ്ക്ക് 40 രൂപ; ടൂറിസ്റ്റ് ബസുകള്‍ ആക്രി വിലയ്ക്ക് തൂക്കി വില്‍ക്കാനൊരുങ്ങി ഉടമ

 | 
Royal Bus

ലക്ഷ്വറി ടൂറിസ്റ്റ് ബസുകള്‍ ആക്രി വിലയ്ക്ക് തൂക്കി വില്‍ക്കാനൊരുങ്ങി ഉടമ. കൊച്ചി റോയല്‍ ട്രാവല്‍സ് ഉടമ റോയിയാണ് ടൂറിസ്റ്റ് ബസ് മേഖലയിലെ പ്രതിസന്ധിയെ തുടര്‍ന്ന് ഈ തീരുമാനം എടുത്തതെന്ന് അറിയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ പരസ്യം നല്‍കിയിരിക്കുകയാണ് റോയി. ഫിനാന്‍സ് എടുത്താണ് എല്ലാ ബസുകളും വാങ്ങിയത്. കോവിഡ് പ്രതിസന്ധിയില്‍ ലോണ്‍ തിരിച്ചടവ് മുടങ്ങിയതോടെ ഫിനാന്‍സുകാര്‍ വീട്ടിലെത്തി തുടങ്ങി. 

അതിനാല്‍ ലോണ്‍ അടച്ചു തീര്‍ന്ന മൂന്ന് ബസുകള്‍ വിറ്റ് ആ പണം കൊണ്ട് ലോണ്‍ അടച്ചു തീര്‍ക്കാനാണ് ഉദ്ദേശിക്കുന്നത്. വാഹനമായി വില്‍ക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ കിലോയ്ക്ക് 40 രൂപ നിരക്കില്‍ വില്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്നും റോയി പറഞ്ഞു. ലോക്ക് ഡൗണ്‍ ഇളവിനെ തുടര്‍ന്ന് ജനുവരി ഒന്നിന് ബസുകളുടെ ടാക്‌സും ഇന്‍ഷുറന്‍സും അടച്ച് റോഡില്‍ ഇറക്കിയിരുന്നു. എന്നാല്‍ വഴിനീളെ പോലീസ് ചെക്കിംഗിന്റെ പേരില്‍ ബുദ്ധിമുട്ട് നേരിടുകയാണ്.

44,000 രൂപ ടാക്‌സ് അടച്ച ഒരു ബസിന് ഞായറാഴ്ച ഓടിയെന്ന് പറഞ്ഞ് കോവളം പോലീസ് 2000 രൂപ പിഴ നല്‍കി. ഡ്രൈവര്‍ ഒരു യാത്രക്കാരനില്‍ നിന്ന് 2000 രൂപ കടം വാങ്ങിയാണ് പിഴയടച്ചത്. എല്ലാ രേഖകളും ഉണ്ടായിട്ടും പോലീസ് പിഴയിടുകയായിരുന്നു. മുന്‍കൂട്ടി തീരുമാനിച്ച ടൂറുകള്‍ നടത്താമെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഓട്ടം ലഭിക്കുന്നതെന്നും റോയി പറഞ്ഞു. ഈ സാഹചര്യത്തില്‍ പ്രതിഷേധമെന്ന നിലയില്‍ മാത്രമല്ല, താല്‍ക്കാലികമായി പിടിച്ചുനില്‍ക്കാന്‍ കൂടിയാണ് ബസുകള്‍ തൂക്കി വില്‍ക്കുന്നതെന്നും റോയി വ്യക്തമാക്കി.