51 ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക്; പാര്‍ട്ടിയില്‍ നിന്ന് വിട്ടുനില്ക്കുന്നവരെയൂം അണിനിരത്തി ജയ് ഹോ പദയാത്ര

പാലക്കാട്: പാര്‍ട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരെയും പിന്നില്‍ അണിനിരത്തി പാലക്കാട് ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠന് നയിക്കുന്ന ജയി ഹോ പദയാത്ര പത്താം ദിവസം പിന്നിട്ടു. പത്താം ദിവസത്തെ യാത്ര പട്ടാമ്പി മുന്‍ എംഎല്‍എ സിപി മുഹമ്മദാണ് ഉദ്ഘാടനം ചെയ്തത്. ജയ് ഹോ പദയാത്ര ജില്ലയില്‍ തരംഗമായി മാറിയിരിക്കുകയാണ്. കോണ്‍ഗ്രസുമായി അകന്ന് നില്ക്കുന്ന നിരവധി പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും പദയാത്രയില്‍ ആവേശത്തോടെ പങ്കുചേരുന്നുണ്ട്.
കഴിഞ്ഞ ദിവസം കുത്തന്നൂരില്‍ നിന്നും 51 സിപിഎം ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് ജയ്ഹോ സ്വീകരണ വേദിയില്‍ വച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസുമായി അകന്ന് പാര്‍ട്ടി വേദികളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന മുന്‍ ഡിസിസി അധ്യക്ഷന്‍ എവി ഗോപിനാഥ് വീണ്ടും കോണ്‍ഗ്രസ് വേദിയില്‍ എത്തിയതും പദയാത്രയുടെ നേട്ടമാണ്. പദയാത്രയ്ക്കൊപ്പം 4 കി.മീറ്റര്‍ ദൂരം നടന്ന എവി ഗോപിനാഥ് പെരിങ്ങോട്ടുകുറിശിയില്‍ നടന്ന ജയ്ഹോയുടെ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
നൂറോളം പ്രവര്‍ത്തകരും ഗോപിനാഥിനൊപ്പം ജയ്ഹോയില്‍ പങ്കാളികളായി. പാര്‍ട്ടിയുടെ ത്രിവര്‍ണ്ണ പതാക പുതപ്പിച്ച് ശ്മശാനത്തില്‍ എരിഞ്ഞടങ്ങും വരെ താന്‍ കോണ്‍ഗ്രസായിരിക്കുമെന്ന ഗോപിനാഥിന്റെ പ്രസംഗം പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നെന്മാറ നിയോജക മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഗോപിനാഥിനെ തോല്‍പ്പിക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ശ്രമം നടത്തിയെന്ന് ആരോപിച്ചാണ് അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് അകന്നത്. പിന്നീട് അദ്ദേഹം സി പി എമ്മുമായി അടുക്കുന്നു എന്ന ആക്ഷേപം ശക്തമായിരുന്നു.
മാര്‍ച്ച് 14 നാണ് പദയാത്രയുടെ സമാപനം. കോണ്‍ഗ്രസില്‍ വിട്ടുനില്‍ക്കുന്നവരും വിഘടിച്ചു നിന്നവരും ജയ്ഹോയിലൂടെ പാര്‍ട്ടിയിലേക്ക് മടക്കയാത്ര നടത്തുന്നതിനിടെ മറ്റ് പാര്‍ട്ടികളില്‍ നിന്നും പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കോണ്‍ഗ്രസില്‍ ചേരുകകൂടി ചെയ്യുന്നതോടെ ‘ജയ്ഹോ’ ജില്ലയില്‍ തരംഗമായി മാറിയിരിക്കുകയാണ്.
25 ദിവസങ്ങള്‍കൊണ്ട് ജില്ലയിലെ 88 പഞ്ചായത്തുകളും 8 നഗരസഭകളും താണ്ടി 100 സ്വീകരണ പരിപാടികള്‍ ഏറ്റുവാങ്ങി 361 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാണ് വി കെ ശ്രീകണ്ഠന്റെ ജയ്ഹോ പ്രയാണം. അതിനിടെ, പാലക്കാട് മണ്ഡലത്തില്‍ ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്റെ പേരാണു ലോക്സഭാ സ്ഥാനാര്‍ത്ഥിയായി പരിഗണനയിലുള്ളത്. സുമേഷ് അച്യുതന്, വി.എസ്. വിജയരാഘവന് എന്നിവരുടെ പേരും ഉയരുന്നുണ്ടെങ്കിലും ജയ് ഹോ പദയാത്രയിലൂടെ വലിയ ജനപിന്തുണ നേടിയെടുക്കാനായ വി.കെ. ശ്രീകണ്ഠന് തന്നെ മതിയെന്ന നിലപാടിലാണ് അണികളും ജില്ലയിലെ നേതാക്കളും.