രക്ഷപ്പെടുത്തിയ ബാബുവിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍
മലമുകളിലെ പാറയിടുക്കില്‍ നിന്ന് രക്ഷപ്പെടുത്തിയ ബാബുവിനെ ആശുപത്രിയില്‍ എത്തിച്ചു. മലമുകളില്‍ നിന്ന് സൈന്യത്തിന്റെ ഹെലികോപ്ടറില്‍ കഞ്ചിക്കോട് ഹെലിപാഡില്‍ എത്തിച്ച ബാബുവിനെ അവിടെ നിന്ന് ആംബുലന്‍സില്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഐസിയുവില്‍ പ്രവേശിപ്പിച്ച ബാബുവിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.
സൂലൂരിലെ സൈനിക ക്യാമ്പില്‍ നിന്നെത്തിയ ഹെലികോപ്ടറിലാണ് ബാബുവിനെ എയര്‍ ലിഫ്റ്റ് ചെയ്തത്. കഞ്ചിക്കോട്ടെ ബെമല്‍ ഹെലിപാഡില്‍ എത്തിച്ച ബാബുവിന് അവിടെ വെച്ച് പ്രഥമശുശ്രൂഷ നല്‍കി. മലയിടുക്കില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ സൈനികന്‍ ബാബുവിന് വെള്ളവും ഭക്ഷണവും നല്‍കിയിരുന്നു. അതിന് ശേഷമാണ് റോപ്പില്‍ കെട്ടി പുറത്തെത്തിച്ചത്.
രാവിലെ 10.20ഓടെ മലമുകളില്‍ എത്തിച്ച ശേഷം ഹെലികോപ്ടര്‍ എത്തിയതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.