വ്യത്യസ്ത അനുഭവങ്ങള്‍ സമ്മാനിച്ച് ഗാര്‍ഫിയുടെ ചലച്ചിത്ര പഠന ക്യാമ്പിന് സമാപനം

 | 
Filmfest


 സംവിധായകനും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ഷാജി എന്‍. കരുണ്‍ ഉദ്ഘാടനം ചെയ്ത ഗാന്ധിഭവന്‍ റൂറല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ഗാര്‍ഫി) പഞ്ചദിന ചലച്ചിത്ര പഠന ക്യാമ്പിന്റെ പത്തനാപുരം ഗാന്ധിഭവനില്‍ നടന്ന സമാപന ചടങ്ങ് പിന്നണി ഗായിക പ്രൊഫ. എന്‍. ലതിക ഉദ്ഘാടനം ചെയ്തു.
വിവിധ ജില്ലകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട് ക്യാമ്പില്‍ അംഗങ്ങളായ 35 പേര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നടന്‍ ടി.പി. മാധവന്‍ സമ്മാനിച്ചു.
നാല് ദിവസം കൊല്ലം തങ്കശ്ശേരി ഇന്‍ഫന്റ് ജീസസ് സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ ലോകസിനിമയില്‍ തുടങ്ങി ഇന്ത്യന്‍ സിനിമയിലൂടെ കടന്നുവന്ന് മലയാള സിനിമയുടെ ചരിത്രവും സംവിധാനം, തിരക്കഥ, അഭിനയം, ഛായാഗ്രഹണം, എഡിറ്റിംഗ്, ഡബ്ബിങ്ങ്, പാട്ട് തുടങ്ങിയവയുടെ സംസ്‌കാരവും അവയെ സിനിമയില്‍ ഉപയോഗിക്കേണ്ട വിധവുമൊക്കെ ചലച്ചിത്രരംഗത്തെ പ്രമുഖര്‍ ക്ലാസ്സുകളിലൂടെയും പ്രായോഗിക പരിശീലനങ്ങളിലൂടെയും പഠിപ്പിച്ചു.
പല ക്യാമ്പുകളിലും പങ്കെടുത്തിട്ടുണ്ടെങ്കിലും ഗാര്‍ഫിയുടെ ക്യാമ്പ് വളരെ വ്യത്യസ്തമായ അനുഭവമാണ് നല്‍കിയതെന്ന് ഓരോ അംഗങ്ങളും  പറയുകയുണ്ടായി.
ക്ലാസിക് സിനിമകളുടെ പ്രദര്‍ശനവും ചര്‍ച്ചകളും കൊണ്ട് സമ്പന്നമായിരുന്നു ഓരോ ദിവസവും.

പ്രശസ്ത സംവിധായകരും എഴുത്തുകാരുമായ വിജയകൃഷ്ണന്‍, ആര്‍. ശരത് എന്നിവര്‍ ക്യാമ്പ് ഡയറക്ടര്‍മാരായി മുഴുവന്‍ സമയവും പഠിതാക്കള്‍ക്കൊപ്പമുണ്ടായിരുന്നു.

കവിയൂര്‍ ശിവപ്രസാദ്, ആര്‍. ശരത്, വിജയകൃഷ്ണന്‍, പ്രൊഫ. അലിയാര്‍, കലാധരന്‍, പ്രേംകുമാര്‍, രാജീവ് ആലുങ്കല്‍, വിധു വിന്‍സെന്റ്, വിനു എബ്രഹാം, രാഹുല്‍ റിജി നായര്‍, യദു വിജയകൃഷ്ണന്‍, ടി.ജി. ശ്രീകുമാര്‍, പല്ലിശ്ശേരി എന്നിവര്‍ സിനിമയുടെ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ എടുത്തു.
ക്യാമ്പിലെത്തിയ പ്രശസ്ത അഭിനേത്രി വിജയകുമാരി ഒ. മാധവന്റെ നാടക-സിനിമാ സ്മരണകള്‍ ശ്വാസമടക്കിപ്പിടിച്ചാണ് ക്യാമ്പംഗങ്ങള്‍ ആസ്വദിച്ചത്. ഒ. മാധവന്‍ അഭിനയിച്ച് ഏറ്റവും നല്ല നടനുള്ള അവാര്‍ഡുകള്‍ നേടിയ 'സായാഹ്നം' സിനിമ മുഴുവന്‍ അവര്‍ ക്യാമ്പ് അംഗങ്ങള്‍ക്കൊപ്പം ആസ്വദിക്കുകയും ചെയ്തു.
കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍, കാഥികന്‍ വസന്തകുമാര്‍, സാംബശിവന്‍, വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദാ കമാല്‍, കലാഭവന്‍ റഹ്മാന്‍ തുടങ്ങിയവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു സംസാരിച്ചു.
ക്യാമ്പിനിടെ അംഗങ്ങള്‍ ചേര്‍ന്ന് 'കഥയുടെ കഥ' എന്ന ഹ്രസ്വചിത്രം ചിത്രീകരിക്കുകയും അഭിനയിക്കുകയും ചെയ്തു. സമാപന ദിവസമായ ഇന്നലെ (13.04.2022) ഗാന്ധിഭവനില്‍ 'കഥയുടെ കഥ' പ്രദര്‍ശിപ്പിച്ചു.

സമാപന സമ്മേളനത്തില്‍ ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ അദ്ധ്യക്ഷത വഹിച്ചു.  ഗാര്‍ഫി ചെയര്‍മാന്‍ പി.എസ്. അമല്‍രാജ്, വിന്‍സന്റ് ഡാനിയല്‍, സ്വാഗതസംഘം ഭാരവാഹികളായ പ്രൊഫ. ജി. മോഹന്‍ദാസ്, എസ്. സുവര്‍ണ്ണകുമാര്‍, എസ്. അജയകുമാര്‍, ജോര്‍ജ് എഫ്. സേവ്യര്‍ വലിയവീട്, റാണി നൗഷാദ്, ബെറ്റ്‌സി, നേതാജി ബി. രാജേന്ദ്രന്‍, കെ. സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു.