കൊട്ടാരക്കരയില്‍ ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം മധ്യവയസ്‌കന്‍ ജീവനൊടുക്കി
കൊട്ടാരക്കരയില്‍ ഭാര്യയെയും മക്കളെയും വെട്ടിക്കൊന്നശേഷം മധ്യവയസ്‌കന്‍ തൂങ്ങിമരിച്ചു. കൊട്ടാരക്കര നീലേശ്വരം പൂജപ്പുര വീട്ടില്‍ രാജേന്ദ്രന്‍ (55) ആണ് ഭാര്യ അനിത (40) മക്കളായ ആദിത്യരാജ് (24) അമൃത രാജ് (20) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
ഒരു കടയിലെ ജീവനക്കാരനായ ആദിത്യരാജ് കടയില്‍ എത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. വീട്ടിലെ ഹാളിലാണ് ആദിത്യരാജിന്റെ മൃതദേഹം കിടന്നിരുന്നത്. അനിതയുടെയും അമൃതരാജിന്റെയും മൃതദേഹങ്ങള്‍ കിടപ്പുമുറിയിലായിരുന്നു. വെട്ടുകത്തി കൊണ്ട് മൂവരെയും വെട്ടിക്കൊന്ന ശേഷം രാജേന്ദ്രന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കൊലയ്ക്ക് ശേഷം കഴുകി വൃത്തിയാക്കി വെച്ചിരുന്ന വെട്ടുകത്തി പോലീസ് വീട്ടിനുള്ളില്‍ നിന്ന് കണ്ടെത്തി. വീടിന് സമീപം മറ്റുവീടുകളുണ്ടെങ്കിലും രാത്രിയില്‍ ശബ്ദമൊന്നും കേട്ടിരുന്നില്ലെന്നാണ് സമീപവാസികള്‍ പറയുന്നത്. ഇവര്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അയല്‍ക്കാര്‍ പറഞ്ഞു.