കാട്ടുപന്നിയിടിച്ച് ബൈക്ക് മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു

 | 
Stebin
കാട്ടുപന്നിയിടിച്ച് ബൈക്ക് അപകടത്തില്‍ പെട്ട് പരിക്കേറ്റ യുവാവ് മരിച്ചു

തൃശൂര്‍: കാട്ടുപന്നിയിടിച്ച് ബൈക്ക് അപകടത്തില്‍ പെട്ട് പരിക്കേറ്റ യുവാവ് മരിച്ചു. ഇഞ്ചക്കുണ്ട് സ്വദേശി സ്റ്റെബിന്‍ (22) ആണ് മരിച്ചത്. സ്റ്റെബിനൊപ്പം യാത്ര ചെയ്ത സുഹൃത്ത് ജോയലിന് ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രി തന്നെ സ്‌റ്റെബിന്‍ മരിച്ചു. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നേരത്തേ പരാതികളുണ്ടായിരുന്നു. റോഡിലേക്ക് ഓടിയ പന്നിയെ ഇടിച്ച ബൈക്ക് മറിയുകയായിരുന്നു.

കഴിഞ്ഞ മാസമാണ് തൃശൂര്‍ അയ്യന്തോളില്‍ മയില്‍ ഇടിച്ച് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചത്. പുന്നയൂര്‍ക്കളം സ്വദേശി പ്രമോസ് ആണ് മരിച്ചത്. മയില്‍ പറന്ന് പ്രമോസിന്റെ നെഞ്ചില്‍ ഇടിക്കുകയും നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് മറിയുകയുമായിരുന്നു. മറ്റൊരു ബൈക്കില്‍ ഇടിച്ച ശേഷമാണ് ബൈക്ക് മറിഞ്ഞത്.

സംഭവത്തില്‍ ബൈക്ക് യാത്രക്കാരനായ ധനേഷിനും പ്രമോസിന്റെ ഭാര്യ വീണയ്ക്കും പരിക്കേറ്റിരുന്നു. അപകടത്തില്‍ ചത്ത മയിലിന്റെ ജഡം വനംവകുപ്പ് ഏറ്റുവാങ്ങുകയായിരുന്നു.