ശബരിമലയില്‍ പ്രതിദിനം 25,000 പേര്‍ക്ക് പ്രവേശനം; വാക്‌സിനേഷന്‍, കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

 | 
Sabarimlala
മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ പ്രതിദിനം 25,000 പേര്‍ക്ക് പ്രവേശനം അനുവദിക്കും

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ പ്രതിദിനം 25,000 പേര്‍ക്ക് പ്രവേശനം അനുവദിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് തീരുമാനം. എണ്ണത്തില്‍ മാറ്റം വേണമെങ്കില്‍ പിന്നീട് ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. വെര്‍ച്വല്‍ ക്യൂ സംവിധാനം തുടരും. 10 വയസ്സിന് താഴെയും 65 വയസ്സിന് മുകളിലുമുള്ള തീര്‍ഥാടകര്‍ക്കും പ്രവേശനം അനുവദിക്കും. രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവര്‍ അല്ലെങ്കില്‍ ആര്‍.ടി.പി. സി. ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്കാവും പ്രവേശനം നല്‍കുക.

ദര്‍ശനം കഴിഞ്ഞ് സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ല. ഇക്കാര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെ നില തുടരും. എരുമേലി വഴിയുള്ള കാനനപാത, പുല്‍മേട് വഴി സന്നിധാനത്ത് എത്തുന്ന പരമ്പരാഗത പാത എന്നിവയിലൂടെ തീര്‍ത്ഥാടകരെ അനുവദിക്കില്ല. പമ്പയില്‍ സ്നാനത്തിന് അനുമതി നല്‍കും. വാഹനങ്ങള്‍ നിലക്കല്‍ വരെ മാത്രമേ അനുവദിക്കുള്ളൂ. അവിടെ നിന്ന് പമ്പ വരെ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ഉപയോഗിക്കണം. കോവിഡ്മുക്തരില്‍  അനുബന്ധരോഗങ്ങള്‍ ഉള്ളവര്‍ ആരോഗ്യസ്ഥിതി പരിശോധിച്ച്  മാത്രമേ ദര്‍ശനത്തിന് വരാന്‍ പാടുള്ളൂ എന്നും നിര്‍ദേശമുണ്ട്.