അമ്മയറിയാതെ ദത്ത് നല്‍കല്‍; അനുപമയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ ആറ് പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ഇവര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ഹര്‍ജി വ്യാഴാഴ്ച കോടതി പരിഗണിക്കും. അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത എന്നിവര്‍ ഉള്‍പ്പെടെ 6 പേരെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചിരുന്നു.
സംഭവത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ ജനന രജിസ്‌ട്രേഷന്‍ രേഖകള്‍ ഉള്‍പ്പെടെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കാട്ടാക്കട ആശുപത്രിയില്‍ നിന്നും പഞ്ചായത്തില്‍ നിന്നുമുള്ള രേഖകളാണ് കസ്റ്റഡിയില്‍ എടുത്തത്. കുഞ്ഞിനെ മാറ്റിയ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.
വനിതാ കമ്മീഷനും സംഭവത്തില്‍ ഇടപെട്ടു. വിഷയത്തില്‍ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി വ്യക്തമാക്കി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.