പരസ്യപ്രസ്താവന; കെ.ശിവദാസന്‍ നായരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

 | 
Sivadasn Nair
കോണ്‍ഗ്രസ് നേതാവ് കെ.ശിവദാസന്‍ നായരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് കെപിസിസി

കോണ്‍ഗ്രസ് നേതാവ് കെ.ശിവദാസന്‍ നായരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് കെപിസിസി. പരസ്യ പ്രസ്താവന നടത്തിയതിനാണ് ശിവദാസന്‍ നായരെ സസ്‌പെന്‍ഡ് ചെയ്തത്. ശിവദാസന്‍ നായര്‍ക്കൊപ്പം സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കെ.പി അനില്‍കുമാര്‍ സിപിഎമ്മില്‍ ചേര്‍ന്നതിന് പിന്നാലെയാണ് കെപിസിസി നീക്കം. കാരണം കാണിക്കല്‍ നോട്ടീസിന് നല്‍കിയ മറുപടി തൃപ്തികരമായതിനാലാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ അറിയിച്ചു.

പാര്‍ട്ടി നല്‍കിയ നോട്ടീസിന് അദ്ദേഹം തൃപ്തികരമായ മറുപടി നല്‍കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് പാര്‍ട്ടിയില്‍ തിരികെ എടുക്കുവാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് സുധാകരന്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റുമാരെ തെരഞ്ഞെടുത്ത വിഷയത്തില്‍ പരസ്യ പ്രതികരണം നടത്തിയതിനാണ് ശിവദാസന്‍ നായര്‍ക്കെതിരെ നടപടിയെടുത്തത്.

നോട്ടീസ് നല്‍കുകയും ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു. മുന്നോട്ടുള്ള പ്രയാണത്തില്‍ പാര്‍ട്ടിക്ക് കരുത്തും ശക്തിയും നല്‍കാന്‍ ശിവദാസന്‍ നായരുടെ സേവനം ആവശ്യമാണെന്നാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു കൊണ്ട് സുധാകരന്‍ വ്യക്തമാക്കിയത്. ഡിസിസി വിഷയത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച എ.വി.ഗോപിനാഥുമായി ചര്‍ച്ച ചെയ്യാനും കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു.

കോണ്‍ഗ്രസ് നേതാക്കള്‍ തുടര്‍ച്ചയായി സിപിഎമ്മിലേക്ക് ചേക്കേറാന്‍ തുടങ്ങിയതോടെ  മുതിര്‍ന്ന നേതാക്കള്‍ കെ.സുധാകരനെ കണ്ട് ആശങ്ക അറിയിച്ചിരുന്നു.