കുഞ്ഞിനെ ദത്ത് നല്‍കിയത് അനുപമയുടെ അറിവോടെയെന്ന് അജിത്തിന്റെ ആദ്യ ഭാര്യ

 | 
Anupama

കുഞ്ഞിനെ തിരികെ കിട്ടാനായി സമരം ചെയ്യുന്ന അനുപമയ്‌ക്കെതിരെ ആരോപണങ്ങളുമായി പങ്കാളി അജിത്തിന്റെ ആദ്യ ഭാര്യ. മാധ്യമങ്ങള്‍ക്ക് മുന്നിലാണ് യുവതി ആരോപണങ്ങളുമായി എത്തിയത്. കുഞ്ഞിനെ ദത്ത് നല്‍കിയത് അനുപമ അറിഞ്ഞുകൊണ്ടാണെന്ന് ഇവര്‍ ആരോപിച്ചു. ഒപ്പിട്ടു നല്‍കുമ്പോള്‍ അനുപമ പൂര്‍ണ്ണമായും ബോധാവസ്ഥയിലായിരുന്നു. എഴുതി നല്‍കിയത് താന്‍ വായിച്ചു നോക്കിയിട്ടുണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അനുപമയാണ് തന്റെയും അജിത്തിന്റെയും വിവാഹ മോചനത്തിന് പിന്നില്‍. ഒരുപാട് സഹിച്ചു. താന്‍ അനുപമയുടെ വീട്ടിലെത്തി കാര്യങ്ങള്‍ പറഞ്ഞു. വിവാഹമോചനം നല്‍കില്ലെന്ന് താന്‍ വ്യക്തമാക്കിയിരുന്നതാണ്. അതിന് ശേഷമാണ് അനുപമ കുട്ടിയെ ദത്ത് നല്‍കിയത്. കമ്മിറ്റിയില്‍ ഇരിക്കുമ്പോള്‍ രണ്ടു പേരും ചേര്‍ന്നിരിക്കാറുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെയിരിക്കുന്നത് എന്ന് ചോദിച്ചിട്ടുണ്ട്. ഒരു തവണ കമ്മിറ്റി കഴിഞ്ഞ ഉടനേ താന്‍ ഇറങ്ങിപ്പോയെന്നും എന്നാല്‍ തന്റെ പേരില്‍ അജിത്ത് ബഹളമുണ്ടാക്കി.

അനുപമയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെ പറയാന്‍ പാടില്ല, അവള്‍ സഹോദരിയെ പോലെയായിരുന്നു എന്നാണ് അജിത്ത് പറഞ്ഞത്. ഇവര്‍ തമ്മിലുള്ള ബന്ധം കാരണം വീട്ടില്‍ കിടക്കാന്‍ പറ്റിയില്ല. അടുത്ത വീട്ടിലായിരുന്നു കിടന്നിരുന്നതെന്നും അവര്‍ പറഞ്ഞു.