ആകാശ് തില്ലങ്കേരിയുടെ കാര്‍ അപകടത്തില്‍ പെട്ടു; നാല് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

 | 
Akash Thillankeri

ആകാശ് തില്ലങ്കേരിയുടെ കാര്‍ അപകടത്തില്‍ പെട്ട് ആകാശ് ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്. ശനിയാഴ്ച അര്‍ദ്ധരാത്രി കൂത്തുപറമ്പ് മെരുവമ്പായിയിലാണ് അപകടം ഉണ്ടായത്. നിയന്ത്രണംവിട്ട കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. കാറിലുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. ആകാശിന്റെ സുഹൃത്തായ അശ്വിന്റെ നില ഗുരുതരമാണ്.

നാലു പേരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച അര്‍ധരാത്രി ഒന്നരയോടെയായിരുന്നു അപകടം. സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നു ആകാശും സംഘവും. ഇവര്‍ സഞ്ചരിച്ച കാര്‍ നീര്‍വേലിക്കടുത്ത് റോഡരികില്‍ കൂട്ടിയിട്ട സിമന്റ് കട്ടകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. പരിക്കേറ്റ ആകാശ് ഉള്‍പ്പെടെയുള്ളവരെ ഉടന്‍തന്നെ സമീപത്തെ ആശുപത്രികളിലെത്തിച്ചു.

ഷുഹൈബ് വധക്കേസില്‍ പ്രതിയായ ആകാശിനെതിരെ കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലും അന്വേഷണം നടന്നിരുന്നു.