ADGP എംആർ അജിത്കുമാറിനെതിരായ ആരോപണങ്ങൾ; ഡി.ജി.പി.യോട് റിപ്പോർട്ട് തേടി മുഖ്യമന്ത്രി
എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ ഡി.ജി.പി.യോട് റിപ്പോർട്ട് തേടി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന് പിന്നാലെ ഞായറാഴ്ച വൈകീട്ട് ഐ.പി.എസ് ഉദ്യോഗസ്ഥർ യോഗം ചേർന്നു. യോഗത്തിൽ മുഖ്യമന്ത്രിക്ക് നൽകേണ്ട റിപ്പോർട്ടിനെക്കുറിച്ച് ചർച്ച നടന്നതായാണ് സൂചന.
അതിനിടെ, എ.ഡി.ജി.പിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ നവാസ് ഡി.ജി.പി.ക്ക് പരാതി സമർപ്പിച്ചു. തൽസ്ഥാനത്ത് അജിത് കുമാർ തുടർന്നാൽ തെളിവുകൾ നശിപ്പിച്ചേക്കാമെന്നാണ് പരാതിയിൽ പറയുന്നത്. അജിത് കുമാറിനെ മാറ്റിനിർത്തണം. ഗൗരവതരമായ ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയർന്നിരിക്കുന്നത്. വിഷയത്തിൽ, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് നവാസ് ഡി.ജി.പി.ക്ക് പരാതി നൽകിയത്.
എ.ഡി.ജി.പി. എം.ആർ അജിത് കുമാറിനെതിരെ പി.വി. അന്‍വര്‍ എം.എല്‍.എ. ഗുരുതര ആരോപണങ്ങളുന്നയിച്ചിരുന്നു. അജിത് കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ട്. അജിത് കുമാര്‍ ഒരു അസിസ്റ്റന്റിനെ വെച്ചിട്ടുണ്ട്. ഒരു പ്രത്യേക സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ട് സൈബര്‍ സെല്ലില്‍. എല്ലാ മന്ത്രിമാരുടേയും രാഷ്ട്രീയക്കാരുടേയും ഫോണ്‍കോള്‍ ചോര്‍ത്തുന്നുണ്ടെന്നും പിവി അന്‍വര്‍ പറഞ്ഞിരുന്നു.