കൊട്ടാരക്കരയില്‍ ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍; പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു

 | 
Murder

കൊല്ലം: കൊട്ടാരക്കരയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ കൂട്ടത്തല്ലില്‍ പരിക്കേറ്റ് ഒരാള്‍ മരിച്ചു. ആംബുലന്‍സ് ഡ്രൈവറായ കൊട്ടാരക്കര സ്വദേശി രാഹുല്‍ (26) ആണ് മരിച്ചത്. സംഘട്ടനത്തിനിടെ രാഹുലിന് കുത്തേറ്റിരുന്നു. ബുധനാഴ്ച കൊട്ടാരക്കര വിജയ ആശുപത്രിയിലാണ് സംഭവമുണ്ടായത്. ചികിത്സയിലിരിക്കെയാണ് രാഹുല്‍ മരിച്ചത്.

സംഭവത്തില്‍ കുന്നിക്കോട് സ്വദേശി വിഷ്ണു, സഹോദരന്‍ വിനീത്(ശിവന്‍) എന്നിവര്‍ക്കും കുത്തേറ്റിരുന്നു. കഴുത്തിന് കുത്തേറ്റ വിനീതിന്റെ നില ഗുരുതരമാണ്. പരിക്കേറ്റ രണ്ടുപേരും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കൊട്ടാരക്കരയിലെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കിടയിലുണ്ടായിരുന്ന തര്‍ക്കമാണ് ഏറ്റുമുട്ടലിലേക്ക് വളര്‍ന്നതെന്ന് പോലീസ് പറഞ്ഞു.

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ഡ്രൈവര്‍മാരായ കൊട്ടാരക്കര ഫാത്തിമ മന്‍സിലില്‍ സിദ്ദിഖ് (36), സഹോദരന്‍ ഹാരിസ് കഴിഞ്ഞ ദിവസം കുന്നിക്കോട്ടേക്ക് വിളിച്ചു വരുത്തിയിരുന്നു. നവിഷ്ണുവും ശിവനും ഉള്‍പ്പെട്ട സംഘം ഇവിടെ വെച്ച് സിദ്ദിഖിനെ മര്‍ദ്ദിച്ചു. സിദ്ദിഖ് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

ഇതിന് പിന്നാലെയാണ് രാത്രിയില്‍ ആശുപത്രിയുടെ മുന്നില്‍ ഏറ്റുമുട്ടലുണ്ടായത്. സംഘട്ടനത്തിനിടെ മൂന്നു പേര്‍ക്ക് കുത്തേറ്റു. കുത്തിയവര്‍ ഓപ്പറേഷന്‍ തീയേറ്ററില്‍ കയറി ഒളിച്ചു. പിന്നാലെ കുത്തേറ്റവരും എത്തി. പ്രസവ വാര്‍ഡില്‍ വരെ അക്രമികള്‍ കയറിയിറങ്ങിയെന്നാണ് വിവരം. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായിരുന്നു.