ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് കൈത്താങ്ങുമായി അന്നപൂര്‍ണ ആയുഷ് രേഖ മെഡിസിന് ബാങ്ക്

കണ്ണൂര്‍: കാസര്‍ഗോഡ് ജില്ലകളിലെ ട്രാന്സ്ജെന്ഡറുകള്ക്ക് സൗജന്യമായി മരുന്ന് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. സന്നദ്ധ രക്തദാനം, നിര്ധനരായ കിഡ്നി രോഗികള്ക്ക് സൗജന്യ യാത്ര സേവനം, അന്നപൂര്ണ ഡ്രസ് ബാങ്ക് എന്നിവയ്ക്ക് നേതൃത്വം നല്ക്കുന്ന അന്നപൂര്ണ കൂട്ടായ്മ നവഭാരത് ഐ.എ.എസ് അക്കാദമിയുമായി സഹകരിച്ചാണ് അന്നപൂര്ണ ആയുഷ് രേഖ മെഡിസിന് ബാങ്ക് നടപ്പിലാക്കുന്നത്.
തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജില്‍ വച്ച് നടന്ന ചടങ്ങ് ജില്ലാ സെഷന്‍സ് ജഡ്ജ് ആര്‍. എല്‍. ബൈജു ഉദ്ഘാടനം ചെയ്തു. സമൂഹത്തോടൊപ്പം ചേര്‍ത്ത് നിര്‍ത്തപ്പെടേണ്ടവരാണ് ട്രാന്‍സ്‌ജെന്‍ഡറുകളെന്നും അവരുടെ ഉന്നമനത്തിനായി വിദ്യാര്‍ത്ഥി സമൂഹത്തിന് ക്രിയാത്മക പങ്ക് വഹിക്കാന്‍ സാധിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ആര്‍. എല്‍. ബൈജു അഭിപ്രായപ്പെട്ടു.
അന്നപൂര്‍ണ ആയുഷ് രേഖ പദ്ധതിയിലൂടെ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന സാന്ത്വനം മെഡിക്കല്‍സ്, ബോംബെ മെഡിക്കല്‍സ് എന്നീ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സൗജന്യമായി മരുന്ന് ലഭിക്കുമെന്ന് അന്നപൂര്‍ണ ജനറല്‍ സെക്രട്ടറി ജോഫിന്‍ ജയിംസ് അറിയിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഇരുന്നൂറ്റി അന്‍പതോളം ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. വരും ദിവസങ്ങളില്‍ പദ്ധതി കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് അന്നപൂര്‍ണ ചീഫ് – കോ-ഓര്‍ഡിനേറ്റര്‍ നവീന്‍ ആര്‍.ടി അറിയിച്ചു.
ട്രാന്‍സ്‌ജെന്‍ഡറുകളുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ലോകത്തിനു മുന്നില്‍ കേരളം എന്നും മാതൃകയാണെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ ഗവ.ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ കെ. ഫല്‍ഗുനന്‍ അഭിപ്രായപ്പെട്ടു. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഒ. ബാലകൃഷ്ണനെ ചടങ്ങില്‍ പൊന്നാട നല്‍കി ആദരിച്ചു.
കണ്ണൂര്‍ ആസ്റ്റര്‍ മിംമ്‌സ് ഹോസ്പിറ്റല്‍ സി.ഇ.ഒ ഫര്‍ഹാന്‍ യാസിന്‍, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ മഹേഷ് ചന്ദ്ര ബാലിഗ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. സാമൂഹ്യ പ്രവര്‍ത്തകന്‍ ബാബു പാറാല്‍, ജില്ലാ ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം സന്ധ്യ ജിജോ, ഗവ. ബ്രണ്ണന്‍ കോളേജ് ബോട്ടണി വിഭാഗം പ്രൊഫ. സലിലുള്ളാഹിം, തോമസ് ആലക്കോട്, ആസ്റ്റര്‍ മിംമ്‌സ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു