'ആന്റണി രാജുവിന്റേത് വ്യാമോഹം'; കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളിലെ മദ്യവില്‍പന നീക്കത്തിനെതിരെ കെസിബിസി

സ്റ്റാന്‍ഡുകളില്‍ മദ്യക്കടകള്‍ തുടങ്ങാമെന്നത് ആന്റണി രാജുവിന്റെ വ്യാമോഹമാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി പ്രസിഡന്റ് പ്രസാദ് കുരുവി
 | 
KSRTC
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളിലെ മുറികള്‍ മദ്യവില്‍പനയ്ക്ക് അനുവദിക്കാനുള്ള നീക്കത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളിലെ മുറികള്‍ മദ്യവില്‍പനയ്ക്ക് അനുവദിക്കാനുള്ള നീക്കത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി. സ്റ്റാന്‍ഡുകളില്‍ മദ്യക്കടകള്‍ തുടങ്ങാമെന്നത് ആന്റണി രാജുവിന്റെ വ്യാമോഹമാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി പ്രസിഡന്റ് പ്രസാദ് കുരുവിള പറഞ്ഞു. 
യാത്രക്കാരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഈ തീരുമാനം ഭീഷണിയാണ്. 

മന്ത്രിയുടെ നീക്കം കണ്ടാല്‍ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചോ എന്ന് തോന്നുമെന്നും കെസിബിസി പറയുന്നു. മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാനുള്ള നീക്കം ഒരു ഭാഗത്ത് നടക്കുമ്പോള്‍ മദ്യവിതരണം സുഗമമാക്കാനുള്ള നീക്കം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത് ശരിയല്ല. സാമൂഹ്യ വിപത്തിനെ മാടിവിളിക്കുന്നത് ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്ന ലക്ഷ്യത്തിന് വേണ്ടിയാണെന്നും പ്രസാദ് കുരുവിള വ്യക്തമാക്കി. 

കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ ഔട്ട്ലെറ്റുകള്‍ തുടങ്ങാന്‍ ബിവറേജസ് കോര്‍പ്പറേഷന് അനുമതി നല്‍കുമെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജു രാവിലെ പറഞ്ഞത്. കെട്ടിടങ്ങള്‍ ലേലത്തിന് എടുത്ത് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുടങ്ങാമെന്ന് മന്ത്രി പറഞ്ഞു. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലായിരിക്കും ഔട്ട്‌ലെറ്റുകള്‍ ക്രമീകരിക്കുക. സ്ത്രീകള്‍ക്ക് അസൗകര്യമുണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

നിയമവിധേയമായുള്ള പ്രവര്‍ത്തനങ്ങള്‍ കെഎസ്ആര്‍ടിസിയുടെ കെട്ടിടങ്ങളിലും അനുവദിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ ലേലനടപടികളിലൂടെ സ്ഥലമെടുത്ത് നിയമപരമായി മദ്യം വില്‍ക്കുന്നതിനെ ആര്‍ക്കും തടയാനാകില്ല. ടിക്കറ്റ് ഇതര വരുമാനത്തിനായി എല്ലാ വഴികളും കെഎസ്ആര്‍ടിസി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 

കെഎസ്ആര്‍ടിസിക്ക് ഇതിലൂടെ വാടക വരുമാനം ലഭിക്കും. ബസ് യാത്രക്കാരുടെ എണ്ണം ഇതിലൂടെ വര്‍ദ്ധിക്കുമെന്നും സ്റ്റാന്‍ഡില്‍ മദ്യക്കടയുള്ളതു കൊണ്ട് ജീവനക്കാര്‍ മദ്യപിക്കണമെന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.