ലഡാക്കില്‍ നിന്ന് കന്യാകുമാരി വരെ രണ്ടു ദിവസത്തില്‍ കാറോടിച്ച് എത്തി; പുതിയ റെക്കോര്‍ഡുമായി മലയാളികള്‍

 | 
Record drive
ലഡാക്കില്‍ നിന്ന് കന്യാകുമാരി വരെയയുള്ള ദൂരം വെറും രണ്ടു ദിവസം കൊണ്ട് താണ്ടി മൂന്ന് മലയാളികള്‍

ലഡാക്കില്‍ നിന്ന് കന്യാകുമാരി വരെയയുള്ള ദൂരം വെറും രണ്ടു ദിവസം കൊണ്ട് താണ്ടി മൂന്ന് മലയാളികള്‍. കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശി ബിബിന്‍ കൃഷ്ണന്‍, മലപ്പുറം ആക്കോട് സ്വദേശി നൗഫല്‍, ആലപ്പുഴ സ്വദേശി സമീര്‍ എന്നിവരാണ് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടിയത്. 49 മണിക്കൂറും 34 മിനിറ്റും എടുത്താണ് ഇവര്‍ ദൗത്യം പൂര്‍ത്തിയാക്കിയത്.

ഏഴു വര്‍ഷം മുന്‍പ് സൃഷ്ടിക്കപ്പെട്ട 52 മണിക്കൂര്‍ 58 മിനിറ്റിന്റെ റെക്കോര്‍ഡാണ് ഇവര്‍ പഴങ്കഥയാക്കിയത്. നിര്‍ത്താതെയുളള യാത്രയില്‍ മൂന്നു പേരും മാറി മാറി വാഹനം ഓടിക്കുകയായിരുന്നു. സെപ്റ്റംബര്‍ ഒന്നിന് രാവിലെ 7.05ന് ലഡാക്കില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. പിന്നീട് 17 മണിക്കൂര്‍ ദുര്‍ഘടമായ ഹിമാലയന്‍ റോഡുകളിലൂടെയായിരുന്നു യാത്ര. പഞ്ചാബില്‍ എത്തിയ സംഘം പിന്നീട് ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ പിന്നീട്ട് തമിഴ്‌നാട് മുറിച്ചു കടന്ന് കന്യാകുമാരിയില്‍ എത്തി.

3870 കിലോമീറ്ററാണ് രണ്ടു ദിവസത്തിനുള്ളില്‍ ഇവര്‍ പിന്നിട്ടത്. ടീം എഫ് വണ്‍ ഇന്ത്യ എന്ന ട്രാവല്‍ പ്ലാറ്റ്ഫോം രൂപവത്കരിച്ചാണ് യാത്ര ആരംഭിച്ചത്. ഗൂഗിള്‍ മാപ്പ് വഴി റൂട്ട് നിശ്ചയിച്ചു. വിവിധ സംസ്ഥാനങ്ങളിലുള്ള സുഹൃത്തുക്കള്‍ വഴി റൂട്ടിലെ സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ടായിരുന്നു സംഘം മുന്നോട്ടു നീങ്ങിയത്. ഭക്ഷണവും മറ്റും കാറിനുള്ളില്‍ ക്രമീകരിച്ചിരുന്നു.