കണ്ണൂരില്‍ പെട്രോള്‍ പമ്പില്‍ കയറി ആക്രമണം; ഗുണ്ടയെന്ന് അവകാശപ്പെട്ടയാളും സംഘവും പിടിയില്‍, വീഡിയോ

 | 
Kannur Bhadran

കണ്ണൂരില്‍ പെട്രോള്‍ പമ്പില്‍ കയറി ജീവനക്കാരനെ ആക്രമിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഘം പിടിയില്‍. കണ്ണൂര്‍ ഭദ്രന്‍ എന്ന മഹേഷ്, സിബിന്‍, ഗിരീശന്‍ എന്നിവരാണ് പിടിയിലായത്. ഏച്ചൂരിലെ പെട്രോള്‍ പമ്പിലായിരുന്നു സംഭവം. ജീവനക്കാരനായ പ്രദീപിനെയാണ് സംഘം ആക്രമിച്ചത്. കണ്ണൂര്‍ ഭദ്രനാണ് താനെന്ന് പറഞ്ഞുകൊണ്ട് എത്തിയ ഒരാളാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ബസ് സ്റ്റാന്‍ഡില്‍ പിരിവ് നടത്തുന്നയാളാണെന്നും ഇത് ക്വട്ടേഷനാണെന്നും ഇയാള്‍ വിളിച്ചു പറയുന്നുണ്ട്.

ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നവരാണ് പ്രദീപിനെ മര്‍ദ്ദിച്ചത്. ആരായാലും താന്‍ പൈസ പിരിക്കുമെന്നും തനിക്ക് പോലീസ് കേസ് പുല്ലാണെന്നുമൊക്കെയാണ് കണ്ണൂര്‍ ഭദ്രന്‍ അവകാശപ്പെടുന്നത്. തന്നെ പോലീസ് പിടിച്ചാലും ഉടന്‍ ഇറങ്ങുമെന്നും എത്രയും വേഗം പോലീസിനെ വിളിക്കൂ എന്നൊക്കെ ഇയാള്‍ വെല്ലുവിളിക്കുന്നത് സംഭവത്തിന്റെ മൊബൈലില്‍ ചിത്രീകരിച്ച വീഡിയോയില്‍ കാണാം.

എന്നാല്‍ ഇത് ഗുണ്ടാ ആക്രമണമല്ലെന്നാണ് പോലീസ് പറയുന്നത്. സ്വത്ത് വീതം വെച്ചതുമായി ബന്ധപ്പെട്ട പണമിടപാടില്‍ പ്രദീപിനെ ഭയപ്പെടുത്താനാണ് സംഘം എത്തിയതെന്ന് ചക്കരക്കല്ല് പോലീസ് പറയുന്നു.