ആറ്റിങ്ങലില്‍ മത്സ്യത്തൊഴിലാളിയുടെ മീന്‍ വലിച്ചെറിഞ്ഞ സംഭവം; നഗരസഭാ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

 | 
attingal fisherwomen

ആറ്റിങ്ങലില്‍ മത്സ്യത്തൊഴിലാളിയുടെ മീന്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ നഗസഭാ ജീവനക്കാര്‍ക്കെതിരെ നടപടി. മുബാറക്ക്, ഷിബു എന്നീ ജീവനക്കാരെയാണ് നഗരസഭ സസ്‌പെന്‍ഡ് ചെയ്തത്. മീന്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ വ്യാപക പ്രതിഷേമുണ്ടായതിന് പിന്നാലെയാണ് നഗരസഭയുടെ നടപടി. 

ആറ്റിങ്ങല്‍ അവനവന്‍ചേരി കവലയില്‍ മത്സ്യം വിറ്റിരുന്ന കൊല്ലം അഞ്ചുതെങ്ങ് സ്വദേശിനി അല്‍ഫോന്‍സയോട് കൊവിഡ് നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടി നഗരസഭാ ജീവനക്കാര്‍ മീന്‍വില്‍പന അവിടെ നിന്നും മാറ്റാന്‍ ആവശ്യപ്പെടുകയും പിന്നീട് ഇവരുടെ മത്സ്യവില്‍പന അവിടെ നിന്നും മാറ്റാനുള്ള നഗരസഭ അധികൃതരുടെ നീക്കം കയ്യാങ്കളിയിലെത്തുകയുമായിരുന്നു. അല്‍ഫോന്‍സ മത്സ്യവില്‍പനയ്ക്ക് വേണ്ടി കൊണ്ടുവന്ന മൂന്ന് കൊട്ട മത്സ്യവും നഗരസഭാ ജീവനക്കാര്‍ റോഡിലേക്ക് വലിച്ചെറിഞ്ഞു. സംഭവത്തെതുടര്‍ന്ന് അല്‍ഫോന്‍സ റോഡില്‍ കിടന്ന് പ്രതിഷേധിച്ചു.

നഗരസഭാ ജീവനക്കാര്‍ അവരുടെ ജോലിയാണ് ചെയ്തതെന്ന നിലപാടാണ് ആറ്റിങ്ങല്‍ നഗരസഭാ അധ്യക്ഷ സ്വീകരിച്ചത്. കച്ചവടം നടത്തിയവര്‍ക്ക് പല തവണ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും. അതിന് ശേഷമാണ് മീന്‍ പിടിച്ചെടുത്തതെന്നും വാഹനത്തില്‍ കയറ്റുമ്പോഴാണ് മീന്‍ റോഡില്‍ വീണതെന്നും നഗരസഭാ അധ്യക്ഷ അവകാശപ്പെട്ടിരന്നു. 

മീന്‍ മാറ്റിയ ശേഷം ജീവനക്കാരെ പിടിച്ച് വലിച്ച അല്‍ഫോന്‍സ റോഡില്‍ കിടന്നുരുളുകയായിരുന്നെന്ന വിശദീകരണവുമായും നഗരസഭ പിന്നീട് രംഗത്തെത്തി. വിഷയം വിവാദമായതോടെ നഗരസഭ അന്വേഷണത്തിനായി രണ്ടംഗ സമിതി രൂപീകരിച്ചു. സമതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തത്.