ഇന്നുമുതല്‍ ഓണ്‍ലൈനില്‍ പണമടച്ച് മദ്യം വാങ്ങാം; പുതിയ സംവിധാനവുമായി ബെവ്‌കോ
ഓണ്‍ലൈനില്‍ പണമടച്ച് മദ്യം വാങ്ങാനുള്ള സംവിധാനവുമായി ബെവ്‌കൊ. ഇന്നുമുതലാണ് പരീക്ഷാടിസ്ഥാനത്തിലുള്ള പുതിയ സംവിധാനം നടപ്പാക്കുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവടങ്ങളിലായി മൂന്ന് ഔട്ട്‌ലെറ്റുകളിലാണ് ഓണ്‍ലൈന്‍ ബുക്കിംഗ് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത്. തിരക്ക് കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിത്. ബെവ്‌കോയുടെ വെബ്‌സൈറ്റില്‍ പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കള്‍ മൊബൈല്‍ നമ്പര്‍ നല്‍കി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. bookingksbc.co.in എന്ന ബെവ്‌കോ വെബ്‌സൈറ്റില്‍ കയറി ഇഷ്ടപ്പെട്ട ബ്രാന്‍ഡ് തിരഞ്ഞെടുക്കാം.
വെബ് സൈറ്റില്‍ ഓരോ വില്‍പ്പനശാലകളിലേയും സ്റ്റോക്ക്, വില എന്നിവ പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകും. ബ്രാന്‍ഡ് തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പേയ്‌മെന്റ് ചെയ്യാനുള്ള സൗകര്യമുണ്ടാകും. നെറ്റ് ബാങ്കിങ്, പേയ്മെന്റ് ആപ്പുകള്‍, കാര്‍ഡുകള്‍ എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ച് പണമടയ്ക്കാം.
കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് മദ്യശാലകള്‍ക്ക് മുന്നിലെ വലിയ തിരക്കിന് എതിരെ ഹൈക്കോടതി ഉള്‍പ്പെടെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതിയുമായി ബെവ്‌കൊ രംഗത്തെത്തിയിരിക്കുന്നത്.