കൊച്ചിയിൽ ലഹരിമരുന്നുമായി ഏഴംഗ സംഘം പിടിയിൽ

കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ഇന്ന് പുലർച്ചെ എക്സൈസിന്‍റെയും കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗത്തിന്‍റെയും സംയുക്ത പരിശോധനയിലാണ് ലഹരി മരുന്ന് സംഘം പിടിയിലായത്. രണ്ട് സ്ത്രീകൾ ഉൾപ്പടെ ഏഴ് പേരെയാണ് കാക്കനാട് ഫ്ളാറ്റിൽ നിന്നും അറസ്റ്റ് ചെയ്തത്.
ലഹരി ഉപയോഗിക്കുകയും വിതരണം ചെയ്യുന്ന ഇവരിൽ നിന്ന് മുന്തിയ ഇനം ലഹരിമരുന്നുകളായ എംഡിഎംഎ, എൽഎസ്‍ഡി, ലഹരിഗുളികകൾ എന്നിവ പിടികൂടിയിട്ടുണ്ട്. വിപണിയിൽ ഈ മരുന്നുകൾക്കെല്ലാം ചേർത്ത് ഒരു കോടി രൂപ വില വരുമെന്നാണ് എക്സൈസ് അറിയിക്കുന്നത്.
കോഴിക്കോട് സ്വദേശികളായ ശ്രീമോൻ, മുഹമ്മദ് ഫാബാസ്, ഷംന, കാസർകോട് സ്വദേശികളായ അജു എന്ന അജ്മൽ, മുഹമ്മദ് ഫൈസൽ, എറണാകുളം സ്വദേശികളായ മുഹമ്മദ് അഫ്സൽ, തൈബ എന്നിവരാണ് പിടിയിലായത്. കാക്കനാട് ഉള്ള ഫ്ലാറ്റിൽ നിന്ന് പ്രതികളെ പിടികൂടുമ്പോൾ ഇവരുടെ കയ്യിൽ 90 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നു. ഒരു ഐ-20 കാർ വഴിയാണ് ഇവർ ലഹരി കടത്തിയിരുന്നത്. മൂന്ന് വിദേശ ഇനം നായ്ക്കളെയും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.