പാലാ ബിഷപ്പിനെ പിന്തുണച്ച് ഇരിങ്ങാലക്കുട ബിഷപ്പ്; ക്രൈസ്തവ കുടുംബങ്ങളില്‍ നാല് കുട്ടികള്‍ വേണം!

 | 
Pauly-Kannookkadan

വിവാദമായ ലൗ ജിഹാദ്, നാര്‍കോട്ടിക് ജിഹാദ് ആരോപണങ്ങളില്‍ പാലാ ബിഷപ്പിന് പിന്തുണയുമായി ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. ലൗ ജിഹാദിനും ലഹരി ജിഹാദിനുമെതിരെ കരുതല്‍ വേണമെന്ന് ബിഷപ്പ് പറഞ്ഞു. ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും ക്രൈസ്തവ കുടുംബങ്ങളില്‍ നാല് കുട്ടികളെങ്കിലും വേണമെന്നും ബിഷപ്പ് പറഞ്ഞു. 

പാലാ ബിഷപ്പിന്റെ പ്രസ്താവന വിവാദമായതോടെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പ്രസ്താവനയ്ക്ക് എതിരെ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി.ടി.തോമസ് എംഎല്‍എ എന്നിവര്‍ രംഗത്തെത്തിയിരുന്നു. മുസ്ലീം സംഘടനകളും ബിഷപ്പിനെതിരെ രംഗത്തെത്തി. സംഘടനകള്‍ പാലായിലെ ബിഷപ്പ് ഹൗസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. 

ബിഷപ്പിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം കോര്‍ഡിനേഷന്‍ കമ്മിറ്റി കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ബിഷപ്പിനെ പിന്തുണച്ച് ബിജെപി രംഗത്തെത്തിയിട്ടുണ്ട്. അനുഭവത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം ബിഷപ്പ് പ്രതികരിച്ചതെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.