പിറവത്ത് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടിയത് 6 വോട്ട്; വോട്ടര്‍മാരെ തേടി പാര്‍ട്ടി അന്വേഷണം

 | 
BJP

പിറവം നഗരസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ആകെ കിട്ടിയത് 6 വോട്ട്. 14-ാം ഡിവിഷനായ ഇടപ്പിള്ളിച്ചിറയിലാണ് ബിജെപി സ്ഥാനാര്‍ത്ഥിക്ക് വെറും 6 വോട്ട് മാത്രം ലഭിച്ചത്. 2015ല്‍ 30 വോട്ടുകളായിരുന്നു ബിജെപിക്ക് കിട്ടിയത്. 2020ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല.

ആറു വോട്ടുകള്‍ മാത്രം ലഭിച്ചത് ഡിവിഷനിലും ബിജെപിയിലും ചര്‍ച്ചയായിരിക്കുകയാണ്. വോട്ടര്‍മാരെ തേടി പാര്‍ട്ടി ആഭ്യന്തര അന്വേഷണവും ആരംഭഇച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയിരുന്നു. ബിജെപി മുനിസിപ്പല്‍ പ്രസിഡന്റ് പി.സി.വിനോദായിരുന്നു സ്ഥാനാര്‍ത്ഥി. ബിജെപി സംസ്ഥാന സെക്രട്ടറിമാരായ എസ്.സുരേഷ്, രേണു സുരേഷ് തുടങ്ങിയവരും ജില്ലാ നേതാക്കളുമാണ് പ്രചാരണത്തിനായി എത്തിയത്.

സിപിഎം സ്ഥാനാര്‍ത്ഥി ഡോ.അജേഷ് മനോഹറാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. അജേഷിന് 504 വോട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥി അരുണ്‍ കല്ലറയ്ക്കലിന് 478 വോട്ടും കിട്ടി. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായിരുന്ന ഡിവിഷനിലെ കൗണ്‍സിലര്‍ ജോര്‍ജ് നാരേകാടന്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.