നിര്‍ദ്ധനരായ വിദ്യാര്ത്ഥികള്ക്ക് ഓണ്ലൈന് പഠനത്തിന് സൗകര്യമൊരുക്കി ബോബി ഫാന്സ് ചാരിറ്റബിള് ട്രസ്റ്റ്

കോഴിക്കോട്: നിര്‍ദ്ധനരായ വിദ്യാര്ത്ഥികള്ക്ക് ഓണ്ലൈന് പഠനത്തിന് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ബോബി ഫാന്സ് ചാരിറ്റബിള് ട്രസ്റ്റ് സൗജന്യമായി ടെലിവിഷന് സെറ്റുകള് വിതരണം ചെയ്തു. കാക്കൂര്‍ പഞ്ചായത്ത് പിസി പാലം എ യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും സഹോദരന്മാരുമായ അഭിനന്ദ്, സായന്ത് എന്നിവരുടെ വീട്ടിലേക്കാണ് ബോബി ഫാന്സ് ചാരിറ്റബിള് ട്രസ്റ്റ് പ്രവര്‍ത്തകര്‍ ടെലിവിഷന്‍ സെറ്റ് എത്തിച്ചത്.
സ്‌കൂളുകള്‍ തുറക്കാത്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടപ്പിലാക്കാന്‍ തുടങ്ങിയതോടെ സ്വന്തമായി ടെലിവിഷന്‍ ഇല്ലാത്തതുകൊണ്ട് പഠനം പ്രതിസന്ധിയിലാകുമോ എന്ന ഉല്‍ക്കണ്ഠയിലായിരുന്നു കുടുംബം. പഞ്ചായത്ത് പ്രസിഡന്റ് കെ ജമീല, ഐ പി രാജേഷ് എന്നിവര്‍ ടെലിവിഷന്‍ കൈമാറി. ബോബി ഫാന്സ് ചാരിറ്റബിള് ട്രസ്റ്റ് ഹെഡ് ആയ ലിഞ്ജു എസ്തപ്പാന്‍ നേതൃത്വം നല്‍കി.
കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ ഓഫീസ് മുഖേന അര്‍ഹതപ്പെട്ടവര്‍ക്ക് ടെലിവിഷന്‍ സെറ്റുകള്‍ പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ വിതരണം ചെയ്തിരുന്നു. കേരളത്തില്‍ വിവിധ ഇടങ്ങളില്‍ ഇനിയും ഇത്തരത്തില്‍ ടെലിവിഷന്‍ സെറ്റുകള് വിതരണം ചെയ്യുമെന്ന് ഡോ. ബോബി ചെമ്മണൂര്‍ അറിയിച്ചു.