ബോചെ പ്രണയലേഖന മത്സരം ഉദ്ഘാടനം ചെയ്തു
ഫെബ്രുവരി 14, വാലന്റൈന്‍സ് ദിനത്തിന്റെ ഭാഗമായ് പ്രണയം മനസ്സിലുള്ള ഏവര്‍ക്കും വേണ്ടി സംഘടിപ്പിക്കുന്ന പ്രണയലേഖന മത്സരം ഡോ.ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ജില്ലയിലെ പാവറട്ടി പോസ്റ്റ്ഓഫീസില്‍ പ്രത്യേകം സ്ഥാപിച്ചിട്ടുള്ള തപാല്‍പെട്ടിയില്‍, ജീവിതത്തില്‍ തനിക്കൊപ്പം ചേരാന്‍ കഴിയാത്ത, മലയാളികള്‍ക്ക് സുപരിചിതയായ തന്റെ പ്രണയിനിക്കായി താന്‍ എഴുതിയ പ്രണയലേഖനം നിക്ഷേപിച്ചു കൊണ്ടാണ് അദ്ദേഹം ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. സിനിമാ-സാഹിത്യ രംഗത്തെ പ്രമുഖവ്യക്തിത്വങ്ങളായ വി.കെ. ശ്രീരാമന്‍, റഫീഖ് അഹമ്മദ്, മുരുകന്‍ കാട്ടാക്കട എന്നിവരോടൊപ്പം പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍, മനോജ് തച്ചംപ്പള്ളി, നന്ദകിഷോര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അക്ഷരങ്ങളിലൂടെയുള്ള പ്രണയം/ അക്ഷരങ്ങളോടുള്ള പ്രണയം എന്നീ ശീര്‍ഷകങ്ങളിലാണ് പ്രണയലേഖനമത്സരം നടത്തുന്നത്. വരുന്ന നാല് ഞായറാഴ്ചകളില്‍, ആ ആഴ്ചയില്‍ ലഭിച്ച എഴുത്തുകളില്‍ നിന്ന് 20 പ്രണയലേഖനങ്ങള്‍ തിരഞ്ഞെടുക്കും. സിനിമാ-സാഹിത്യ മേഖലയിലെ പ്രശസ്തരായ വി.കെ. ശ്രീരാമന്‍, റഫീഖ് അഹമ്മദ്, ഹരിനാരയണന്‍, കെ.പി. സുധീര, ആര്യ ഗോപി, ശ്രുതി സിത്താര, സുരഭി ലക്ഷമി എന്നിവരടങ്ങുന്നതാണ് ജഡ്ജിംഗ് പാനല്‍.
തിരഞ്ഞെടുക്കപ്പെടുന്ന മൊത്തം വിജയികളില്‍ നിന്നും ഒരാള്‍ക്ക് ബംബര്‍ സമ്മാനം ലഭിക്കും. ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ക്ക് അര്‍ഹരായവര്‍ക്ക് സ്വര്‍ണനാണയം, റോള്‍സ് റോയ്സില്‍ പ്രണയിതാക്കള്‍ക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ ആഢംബര യാത്ര. തിരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവര്‍ക്ക് ബോബി ഓക്സിജന്‍ റിസോര്‍ട്ടില്‍ ഒരു ദിവസം താമസം. കൂടാതെ ബംബര്‍ വിജയിക്കും കുടുംബത്തിനും മൂന്നാറില്‍ ഒരു ദിവസത്തിന് 25000 രൂപ ചിലവ് വരുന്ന കാരവന്‍ യാത്രയും താമസവും ഭക്ഷണവും സൗജന്യമായി നല്‍കും. ബോചെ എഴുതിയ പ്രണയലേഖനം ഉള്‍പ്പെടെ 101 പ്രണയലേഖനങ്ങള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ്. ഫൈനല്‍ വിജയികളെ ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനത്തില്‍ പ്രഖ്യാപിക്കും.
പ്രണയലേഖനങ്ങള്‍ അയക്കേണ്ട മേല്‍വിലാസം:
ബോചെ (ഡോ :ബോബി ചെമ്മണൂര്‍), P.B. NO43, തൃശൂര്‍, പിന്‍ - 680001.
(ഈ പോസ്റ്റ് ബോക്‌സ് നമ്പര്‍ ഈ മത്സരത്തിന് വേണ്ടി മാത്രമുള്ളതാണ്.)