എറണാകുളം നോര്‍ത്തില്‍ ഇരുനില കെട്ടിടം ചെരിഞ്ഞു; ആളുകളെ ഒഴിപ്പിച്ചു
Aug 26, 2021, 12:29 IST
| എറണാകുളത്ത് ഇരുനില കെട്ടിടം ചെരിഞ്ഞു.
കൊച്ചി: എറണാകുളത്ത് ഇരുനില കെട്ടിടം ചെരിഞ്ഞു. നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള കെട്ടിടമാണ് ചെരിഞ്ഞത്. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. ഇതേത്തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഓഫീസുകളും കടകളും പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് വലിയ ശബ്ദത്തോടെ ചെരിഞ്ഞത്.
സംഭവത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഭിത്തികള്‍ തകര്‍ന്ന് കെട്ടിടം ചെരിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവം നടന്നത് രാവിലെയായതിനാല്‍ അധികം ആളുകള്‍ ഉണ്ടായിരുന്നില്ല. 60 വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടമാണ് ഇതെന്ന് ഉടമ പറഞ്ഞു. ഫയര്‍ ഫോഴ്‌സും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.