ഓണത്തിന് പണക്കിഴി വിതരണം; തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണിന്റെ ഓഫീസ് സീല്‍ ചെയ്തു

കേസില്‍ കൗണ്‍സിലര്‍മാരുടെ മൊഴിയെടുക്കാനും ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പനെ ചോദ്യം ചെയ്യാനും വിജിലന്‍സ് ഒരുങ്ങുന്നതായി സൂചനയുണ്ട്.     
 
 | 
Municipality
ഓണത്തിന് നഗരസഭാംഗങ്ങള്‍ക്ക് പണക്കിഴി വിതരണം ചെയ്ത സംഭവത്തില്‍ തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണിന്റെ ഓഫീസ് സീല്‍ ചെയ്തു.

കൊച്ചി: ഓണത്തിന് നഗരസഭാംഗങ്ങള്‍ക്ക് പണക്കിഴി വിതരണം ചെയ്ത സംഭവത്തില്‍ തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണിന്റെ ഓഫീസ് സീല്‍ ചെയ്തു. വിജിലന്‍സ് നിര്‍ദേശം അനുസരിച്ച് നഗരസഭാ സെക്രട്ടറിയാണ് നടപടിയെടുത്തത്. ചെയര്‍പേഴ്‌സണിന്റെ മുറിയില്‍ സൂക്ഷിച്ച സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കാനാണ് നടപടിയെന്ന് സെക്രട്ടറി വിശദീകരിച്ചു. 

സിസിടിവി മോണിറ്റര്‍, ഹാര്‍ഡ് ഡിസ്‌ക്, സിപിയു തുടങ്ങിയവ ഈ മുറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പണക്കിഴി നല്‍കിയെന്ന പ്രതിപക്ഷ ആരോപണത്തില്‍ വിജിലന്‍സ് നടത്തുന്ന അന്വേഷണത്തില്‍ ഇവ സുപ്രധാനമാണ്. അതിനാലാണ് മുറി സീല്‍ ചെയ്തതെന്ന് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഫീസില്‍ നേരത്തേ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. 

പരിശോധനയില്‍ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ച പരിശോധന ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണി വരെ നീണ്ടിരുന്നു. നഗരസഭ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വിജിലന്‍സ് സംഘം പിടിച്ചെടുക്കുയും ചെയ്തിരുന്നു. നഗരസഭാ അധ്യക്ഷ അജിത തങ്കപ്പന്‍ നല്‍കിയ പണക്കിഴിയുമായി മടങ്ങുന്ന കൗണ്‍സിലര്‍മാരുടെ ദൃശ്യങ്ങള്‍ ഇതില്‍ ഉണ്ടെന്നാണ് വിവരം. കേസില്‍ കൗണ്‍സിലര്‍മാരുടെ മൊഴിയെടുക്കാനും ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പനെ ചോദ്യം ചെയ്യാനും വിജിലന്‍സ് ഒരുങ്ങുന്നതായി സൂചനയുണ്ട്.