സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം അനിവാര്യമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ
സ്‌കൂള്‍ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കേണ്ടത് അനിവാര്യമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ.പി.സതീദേവി. സോഷ്യല്‍ മീഡിയ സ്വാധീനത്തിന്റെ ഭാഗമായി അബദ്ധ ധാരണകളാണ് വ്യാപകമായുള്ളത്. ഇത്തരം ധാരണകളാണ് കുട്ടികളുടെ മനസിലുണ്ടാകുന്നതെന്നും പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് നല്ലരീതിയിലുള്ള ബോധവത്കരണം അനിവാര്യമാണെന്നും അവര്‍ പറഞ്ഞു.
പാലാ സെന്റ് തോമസ് കോളേജ് ക്യാംപസില്‍ സഹപാഠി കൊലപ്പെടുത്തിയ നിതിനയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു സതീദേവി. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടുകൊണ്ട് ലിംഗനീതി സംബന്ധിയായ ബോധവത്കരണം കുട്ടികള്‍ക്ക് ഉണ്ടാക്കികൊടുക്കുന്നതിന് വേണ്ടി ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രൊജക്റ്റുകള്‍ കലാലയങ്ങളില്‍ നടപ്പിലാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരില്‍ ഇത്തരം പ്രവണ വര്‍ധിക്കുന്നത് എന്താണെന്ന് പഠിക്കുകയും വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ലൈംഗിക വിദ്യാഭ്യാസം നടപ്പിലാക്കുന്നത് ഇത്തരം പ്രവണതകള്‍ കുറയ്ക്കാന്‍ സഹായിക്കും. കേസ് അന്വേഷണം കൃത്യമായി നിരീക്ഷിക്കുമെന്നും അവര്‍ വ്യക്തമാക്കി.