ഡോക്ടറെ ആക്രമിച്ചതിന് പിന്നാലെ ആശുപത്രി സൂപ്രണ്ടിന് കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി കോള്‍; ശബ്ദരേഖ കേള്‍ക്കാം
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ ആക്രമിച്ചതിന് പിന്നാലെ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ടിന് കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി കോള്‍. പരാതി നല്‍കിയ ഡോക്ടറെ ആശുപത്രിക്ക് പുറത്ത് നേരിടുമെന്ന് ഡിസിസി സെക്രട്ടറിയായ അഭിഭാഷകനാണ് ഭീഷണിപ്പെടുത്തിയത്. ഭീഷണി കോളിന്റെ ശബ്ദരേഖ പുറത്തു വന്നു.
ആശുപത്രി സൂപ്രണ്ടായ ഡോ.ഷഹാന മുഹമ്മദിനെ കേസിലെ പ്രതിയായ പഞ്ചായത്ത് പ്രസിഡന്റായ ശ്രീകുമാറാണ് ആദ്യം വിളിച്ചത്. പിന്നീട് ഡിസിസി സെക്രട്ടറിയായ കാഞ്ഞിരംകുളം അജയകുമാറിന് നല്‍കി. ഇയാളാണ് പരാതി പിന്‍വലിക്കണമെന്ന് പരാതിക്കാരനായ ഡോക്ടറോട് പറയണമെന്ന് ആവശ്യപ്പെട്ടത്. അതിന് കഴിയില്ലെന്ന് ഡോ.ഷഹാന വ്യക്തമാക്കിയതോടെയായിരുന്നു ഭീഷണി.
ആശുപത്രിക്ക് പുറത്ത് ഡോക്ടര്‍ക്ക് പ്രൊട്ടക്ഷന്‍ ഒന്നുമില്ലെന്നും ഡോക്ടറെ പുറത്തു നേരിടുമെന്നും അിജയകുമാര്‍ ഭീഷണിപ്പെടുത്തി. ഇതോടെ ഇക്കാര്യത്തില്‍ ഫോണില്‍ ഒന്നും ചര്‍ച്ച ചെയ്യാനില്ലെന്ന് പറഞ്ഞ് ഡോക്ടര്‍ സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഡോക്ടറെ മര്‍ദ്ദിച്ചത്.
കിണറ്റില്‍ വീണ് മരിച്ച സ്ത്രീയുടെ മൃതദേഹവുമായെത്തിയ പ്രസിഡന്റും സംഘവും മൃതദേഹം ആംബുലന്‍സില്‍ നിന്ന് ഇറക്കാതെ മരണം സ്ഥിരീകരിച്ച് നല്‍കണമെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടു. മറ്റൊരു രോഗിക്ക് പ്ലാസ്റ്റര്‍ ഇട്ടുകൊണ്ടിരുന്ന ഡോക്ടര്‍ എത്താന്‍ വൈകി. മരണം സ്ഥിരീകരിക്കണമെങ്കില്‍ ഇസിജി എടുക്കണമെന്ന് ഡോക്ടര്‍ പറഞ്ഞതോടെ പ്രസിഡന്റും സംഘവും ഡോക്ടറെ അസഭ്യം പറഞ്ഞു. ഡോക്ടര്‍ ഇതിന്റെ ദൃശ്യങ്ങള്‍ എടുക്കാന്‍ ശ്രമിച്ചതോടെ സംഘം കയ്യേറ്റം ചെയ്യുകയായിരുന്നു.