സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടെന്ന് തീരുമാനം; നിലവിലുള്ളത് തുടരും

 | 
Lock Down
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടെന്ന് തീരുമാനം.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടെന്ന് തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. അതേസമയം നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും.

സംസ്ഥാനത്ത് പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നിര്‍ദേശം. സെപ്റ്റംബര്‍ അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. അതിനായി ജില്ലകളില്‍ വാക്‌സിനേഷന്‍ പ്ലാന്‍ തയ്യാറാക്കി വാക്‌സിനേഷന്‍ യജ്ഞം ശക്തിപ്പെടുത്തണം. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കൂടിയ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഓണം കഴിഞ്ഞതോടെ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അതിനാല്‍ ഏതു സാഹചര്യം നേരിടാനും ആശുപത്രികള്‍ സജ്ജമാകേണ്ടതാണ്. രോഗത്തിന്റെ തീവ്രത കുറയുന്നുണ്ടെങ്കിലും മരണ നിരക്ക് പരമാവധി കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഹോം ഐസൊലേഷനിലുള്ളവര്‍ കൃത്യമായി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. ഹോം ഐസൊലേഷനിലുള്ള ഗുരുതര രോഗമുള്ളവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കുകയും വേണം.

കോവിഡ് പരിശോധന പരമാവധി വര്‍ധിപ്പിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പൊതുചടങ്ങുകളില്‍ പങ്കെടുത്തവരില്‍ ആര്‍ക്കെങ്കിലും രോഗം വന്നാല്‍ മുഴുവന്‍ പേരേയും പരിശോധിക്കേണ്ടതാണ്. രോഗ ലക്ഷണങ്ങളുള്ളവരും സമ്പര്‍ക്കത്തിലുള്ളവരും നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തണം. സ്വയം ചികിത്സ പാടില്ലെന്നും മന്ത്രി നിര്‍ദേശിച്ചു.

മൂന്നാം തരംഗം മുന്നില്‍ കണ്ട് ആശുപത്രികളില്‍ സജ്ജമാക്കിക്കൊണ്ടിരിക്കുന്ന സംവിധാനങ്ങള്‍ യോഗം വിലയിരുത്തി. കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത് മുന്‍കൂട്ടി കണ്ട് ഓരോ ജില്ലകളും ആശുപത്രി കിടക്കകള്‍, ഓക്‌സിജന്‍ സംവിധാനമുള്ള കിടക്കകള്‍, ഐ.സി.യു.കള്‍, വെന്റിലേറ്ററുകള്‍ എന്നിവ സജ്ജമാക്കി വരുന്നു. പീഡിയാട്രിക് വാര്‍ഡുകളും ഐ.സി.യു.വും സജ്ജമാക്കി കുട്ടികളുടെ ചികിത്സയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കും. ഓക്‌സിജന്‍ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. നോണ്‍ കോവിഡ് ചികിത്സയ്ക്കും പ്രാധാന്യം നല്‍കുന്നതാണ്.