വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സിപിഎം നേതാവ് സക്കീര്‍ ഹുസൈനെ വെറുതെവിട്ടു
കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കളമശേരിയിലെ സിപിഎം നോതാവായ സക്കീര്‍ ഹുസൈന്‍ കുറ്റവിമുക്തന്‍. സക്കീര്‍ ഹുസൈന്‍ ഉള്‍പ്പെടെ നാലു പ്രതികളെ കോടതി വെറുതെ വിട്ടു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് വിധിയില്‍ പറയുന്നു.
പരാതിക്കാരനായ ജൂബി പോള്‍ ഉള്‍പ്പെടെ കേസിലെ മുഴുവന്‍ സാക്ഷികളും കൂറുമാറിയതിനെ തുടര്‍ന്നാണ് നടപടി. കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. കേസ് തെളിയിക്കാന്‍ തെളിവുകളൊന്നും ഹാജരാക്കാന്‍ പോലീസിന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. സക്കീര്‍ ഹുസൈനെ കൂടാതെ കറുകപ്പിള്ളി സിദ്ധിഖ്, തമ്മനം ഫൈസല്‍, ഷീലാ തോമസ് എന്നിവരായിരുന്നു കേസിലെ പ്രതികള്‍. നാലാം പ്രതി ഷീലാ തോമസുമായുള്ള തര്‍ക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സക്കീറിന്റെ നിര്‍ദേശപ്രകാരം രണ്ടും മൂന്നും പ്രതികള്‍ വ്യവസായിയെ തട്ടിക്കൊണ്ടുപോയി കളമശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസില്‍ എത്തിച്ച് ഭീഷണിപ്പെടുത്തി എന്നതായിരുന്നു കേസ്.
2015 ജൂണിലാണ് കേസിനാസ്പദമായ സംഭവം. അന്ന് കളമശ്ശേരി ഏരിയാ കമ്മിറ്റി സെക്രട്ടറിയും എറണാകുളം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന സക്കീര്‍ ഹുസൈനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്കെതിരേ തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന, ദേഹോപദ്രവം ഏല്‍പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിരുന്നു.