എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പിക്കാന്‍ ശ്രമിച്ചു; ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനെതിരെ നടപടി ഉറപ്പായി

മൂന്നാര്‍: ദേവികുളം എംഎല്‍എ എ.രാജയെ തോല്‍പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ എസ്.രാജേന്ദ്രനെതിരെ നടപടി ഉറപ്പായി. പരാതിയില്‍ കഴമ്പുണ്ടെന്ന് സിപിഎം അന്വേഷണ കമ്മീഷന്‍ കണ്ടെത്തി. ഇടുക്കി ജില്ലാ കമ്മിറ്റി നിയോഗിച്ച രണ്ടംഗ സമിതിയാണ് അന്വേഷണം നടത്തിയത്.
രാജയെ പരാജയപ്പെടുത്താന്‍ ജാതീയമായി വേര്‍തിരിവുണ്ടാക്കിയെന്നാണ് രാജേന്ദ്രനെതിരെ ഉയര്‍ന്ന ആരോപണം. തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ രാജേന്ദ്രന്‍ കാര്യമായി സഹകരിച്ചില്ലെന്നും പരാതിയുണ്ട്. പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്തെ നിര്‍ണായകമായ സമുദായത്തില്‍ രാജേന്ദ്രന് സ്വാധീനമുണ്ട്.
അടിമാലി, മൂന്നാര്‍, മറയൂര്‍ സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങള്‍ രാജേന്ദ്രനെതിരെ അന്വേഷണ കമ്മീഷന് മൊഴി നല്‍കി. ആരോപണങ്ങള്‍ ശരിവെക്കുന്ന മൊഴിയാണ് ഇവര്‍ നല്‍കിയിരിക്കുന്നതെന്നാണ് സൂചന. അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ ഉടന്‍ തന്നെ രാജേന്ദ്രനെതിരെ നടപടിയുണ്ടായേക്കുമെന്നാണ് വിവരം.