തലതാഴ്ത്തി നടക്കേണ്ട ഗതികേട്, സംഘടനാ സംവിധാനം തകരുന്നു; എംഎസ്എഫ് നേതൃത്വത്തിനെതിരെ കോളേജ് യൂണിറ്റുകള്‍
ഹരിത വിഷയത്തില്‍ എംഎസ്എഫ് നേതൃത്വത്തിന് എതിരെ വീണ്ടും കോളേജ് യൂണിറ്റുകള്‍. എംഎസ്എഫ് നേതാക്കള്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന ആവശ്യമുന്നയിച്ച് സംഘടനയുടെ വിവിധ യൂണിറ്റുകള്‍ മുസ്ലീംലീഗ് നേതൃത്വത്തിന് കത്ത് നല്‍കി. കോഴിക്കോട് ഫാറൂഖ് കോളേജ്, കണ്ണൂര്‍ സര്‍ സയ്യിദ് കോളേജ് എംഎസ്എഫ് യൂണിറ്റുകളാണ് ലീഗ് നേതൃത്വത്തിന് കത്ത് നല്‍കിയത്.
ഹരിത വിഷയവുമായി ബന്ധപ്പെട്ട് ക്യാമ്പസുകളില്‍ സംഘടനാ സംവിധാനം തകരുകയാണെന്നും, മറ്റുള്ളവര്‍ക്ക് മുന്നില്‍ തല താഴ്ത്തി നടക്കേണ്ട അവസ്ഥയാണ് ഉള്ളതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 80 ശതമാനത്തിലധികം പെണ്‍കുട്ടികള്‍ പഠിക്കുന്ന ഫാറൂഖ് കോളേജില്‍ ഇനിയും ഈ സ്ഥിതി തുടര്‍ന്നാല്‍ സംഘടനാ സംവിധാനം തകര്‍ന്നു പോകുമെന്ന ആശങ്കയുണ്ടെന്നും കത്തില്‍ പറയുന്നു.
എംഎസ്എഫ് നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കില്ലെന്ന നിലപാടില്‍ തന്നെയാണ് ഹരിത നേതാക്കള്‍. വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. സഹപ്രവര്‍ത്തകരില്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും തരത്തില്‍, തെറ്റിദ്ധരിച്ചോ അല്ലാതെയോ പ്രയാസമുണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുയെന്നാണ് നവാസ് പറഞ്ഞത്. കമ്മിറ്റിയില്‍ ഈ വിഷയം ഉന്നയിക്കുകയോ പ്രതിഷേധം അറിയിക്കുകയോ ചെയ്തിരുന്നുവെങ്കില്‍ പരാതിക്കാരുടെ തെറ്റിദ്ധാരണ തിരുത്താനും ആവശ്യമെങ്കില്‍ ക്ഷമ പറയാനും തയ്യാറാകുമായിരുന്നെന്നും നവാസ് പറഞ്ഞിരുന്നു.