സഹോദരിയുടെ വിവാഹത്തിന് ലോണ്‍ കിട്ടിയില്ല; അമ്മയെയും സഹോദരിയെയും ജൂവലറിയില്‍ ഇരുത്തി യുവാവ് ആത്മഹത്യ ചെയ്തു

 | 
Vipin

സഹോദരിയുടെ വിവാഹം നടത്താന്‍ ബാങ്ക് വായ്പ കിട്ടാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. തൃശൂര്‍ ഗന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപൂട്ട് വിപിന്‍ (25) ആണ് തൂങ്ങിമരിച്ചത്. അമ്മയെയും സഹോദരിയെയും ജൂവലറിയില്‍ ഇരുത്തിയശേഷം വീട്ടിലെത്തി യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം.

വിവാഹത്തിന്റെ ആവശ്യങ്ങള്‍ക്കായി വിപിന്‍ ബാങ്ക് വായ്പ തേടിയിരുന്നു. വായ്പ അനുവദിച്ചതായി അറിയിപ്പ് കിട്ടിയതിനെ തുടര്‍ന്നാണ് സ്വര്‍ണ്ണം എടുക്കുന്നതിനായി വിപിന്‍ അമ്മയെയും സഹോദരിയെയും കൂട്ടി ജൂവലറിയില്‍ എത്തിയത്. എന്നാല്‍ വായ്പ അനുവദിക്കാനാവില്ലെന്ന് ബാങ്കില്‍ നിന്ന് പിന്നീട് അറിയിപ്പ് ലഭിച്ചു. ഇതോടെ ആഭരണങ്ങള്‍ എടുത്ത ശേഷം പണവുമായി എത്താമെന്ന് പറഞ്ഞ് വിപിന്‍ പുറത്തു പോയി.

അമ്മയും സഹോദരിയും ബാങ്കില്‍ ഏറെ നേരം കാത്തിരുന്നെങ്കിലും വിപിന്‍ മടങ്ങി വരാത്തതിനെ തുടര്‍ന്ന് വീട്ടിലേക്ക് തിരികെ എത്തിയപ്പോഴാണ് വിപിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സൂപ്പര്‍ മാര്‍ക്കറ്റ് ജോലിക്കാരനായിരുന്ന വിപിന് കോവിഡ് കാലത്ത് ജോലി നഷ്ടമായിരുന്നു. സഹോദരി വിദ്യയുടെ വിവാഹം നേരത്തേ നിശ്ചയിച്ചിരുന്നതാണ്. സാമ്പത്തിക പ്രതിസന്ധിമൂലം വിവാഹം നീട്ടിവെക്കുകയായിരുന്നു. അടുത്ത ഞായറാഴ്ചയായിരുന്നു വിവാഹം നടക്കാനിരുന്നത്.