വ്യത്യസ്ത ആശയങ്ങള്‍ പഠനവിധേയമാക്കണം; കണ്ണൂര്‍ സര്‍വകലാശാല വിവാദ സിലബസിനെ ന്യായീകരിച്ച് ഗവര്‍ണര്‍
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയുടെ എംഎ പൊളിറ്റിക്കല്‍ സയന്‍സ് സിലബസില്‍ സവര്‍ക്കറെയു ഗോള്‍വാള്‍ക്കറെയും ഉള്‍പ്പെടുത്തിയതിനെ ന്യായീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വ്യത്യസ്തമായ ആശയങ്ങള്‍ പഠനവിധേയമാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കണമെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പറഞ്ഞു. വൈവിധ്യത്തില്‍ അടിയുറച്ചതാണ് ഇന്ത്യയുടെ സംസ്‌കാരം.
എല്ലാ തരത്തിലുള്ള ചിന്തകളെയും പഠനവിധേയമാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ടായെങ്കിലേ അവരുടെ ചിന്താശേഷി വികസിക്കുകയും അവര്‍ നവീനമായ ആശയങ്ങളിലേക്ക് എത്തുകയും ചെയ്യുകയുള്ളൂ. അത്തരം നവീന ആശയങ്ങളുള്ളവര്‍ക്കേ ലോകത്തിന്റെ പുരോഗതിയില്‍ സംഭാവനകള്‍ നല്‍കാനാകൂ. ഇത് അംഗീകരിക്കപ്പെട്ട ഒരു വസ്തുതയാണ്.
അസഹിഷ്ണുത പ്രകടിപ്പിക്കുന്നവര്‍ വ്യത്യസ്തമായ കാഴ്ചപ്പാടുകളെ പഠിക്കാന്‍ തയ്യാറാകാത്തതാണ് പ്രശ്നം. ഏത് ആശയവും പഠനവിധേമാക്കിയാല്‍ മാത്രമേ കൂടുതല്‍ സൃഷ്ടിപരമായ ചിന്തകള്‍ ഉണ്ടാകൂ. കാര്യങ്ങള്‍ പഠിച്ചതിനുശേഷം എന്തെങ്കിലും തരത്തിലുള്ള വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ അത് പ്രകടിപ്പിക്കുന്നതാണ് ശരിയായ രീതിയെന്നും ഗവര്‍ണര്‍ പറഞ്ഞു.
വിവാദ സിലബസില്‍ സര്‍വകലാശാലയുടെ രണ്ടംഗ വിദഗ്ദ്ധ സമിതി പഠനം നടത്തുകയാണ്. കേരള സര്‍വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. ജെ.പ്രഭാഷ്, കാലിക്കറ്റ് സര്‍വകലാശാലയിലെ റിട്ട. പ്രൊഫസര്‍ ഡോ. കെ.വി.പവിത്രന്‍ എന്നിവരാണ് സമിതിയംഗങ്ങള്‍.