പ്രതീക്ഷിച്ചത് വധശിക്ഷ, പക്ഷേ! സൂരജിന് ജീവപര്യന്തം വിധിക്കാന്‍ കോടതി കണ്ടെത്തിയ കാരണങ്ങള്‍
ഒന്നര വയസുള്ള കുഞ്ഞിന്റെ അമ്മയും ഭിന്നശേഷിക്കാരിയുമായ ഉത്രയെ കൊലപ്പെടുത്താന്‍ സൂരജ് ഉപയോഗിച്ചത് സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ ചരിത്രത്തില്‍ ഇതുവരെ കാണാത്ത രീതി. പ്രോസിക്യൂഷന്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ അപൂര്‍വമെന്ന് വിശേഷിപ്പിച്ച ഉത്ര വധക്കേസില്‍ സൂരജിന് വധശിക്ഷ ലഭിക്കുമെന്നായിരുന്നു അവസാന നിമിഷം വരെ നിയമ വിദഗ്ദ്ധരുള്‍പ്പെടെ കരുതിയത്. പക്ഷേ വിധിന്യായത്തില്‍ പ്രതിക്ക് 17 വര്‍ഷം തടവും ഇരട്ട ജീവപര്യന്തവും നല്‍കുകയായിരുന്നു. പരമാവധി ശിക്ഷയെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി പക്ഷേ പ്രതിയുടെ പ്രായവും മുന്‍കാല കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമില്ലാത്തതും കണക്കിലെടുത്ത് തടവ് വിധിക്കുകയായിരുന്നു.
27 വയസാണ് പ്രതിയുടെ പ്രായം. കുറ്റകൃത്യത്തില്‍ പ്രതിക്ക് മാനസാന്തരമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കോടതി വിലയിരുത്തി. എന്നാല്‍ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ഇത്തരം കേസുകളുടെ മാനദണ്ഡങ്ങള്‍ കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി എം.മനോജ് കോടതി മുറിയില്‍ വായിച്ചു കേള്‍പ്പിച്ചു. പ്രതിക്കെതിരെ ചുമത്തപ്പെട്ട നാല് കുറ്റങ്ങളിലും വെവ്വേറെ ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. മറ്റുചില കേസുകളിലെന്ന പോലെ ശിക്ഷകള്‍ ഒരുമിച്ച് അനുഭവിക്കാം എന്ന ആനുകൂല്യവും പ്രതിക്ക് നല്‍കിയിട്ടില്ല. അതായത് ശിഷ്ട ജീവിതം സൂരജ് അഴിക്കുള്ളില്‍ കഴിയേണ്ടി വരും.
ആസൂത്രിത കൊലപാതകത്തിന് 302-ാം വകുപ്പ് അനുസരിച്ച് ജീവപര്യന്തം, നരഹത്യാ ശ്രമത്തിന് 307-ാം വകുപ്പ് അനുസരിച്ച് ജീവപര്യന്തം എന്നിവയാണ് കോടതി നല്‍കിയത്. ഇതിനൊപ്പം വിഷം ഉപയോഗിച്ച് പരിക്കേല്‍പ്പിച്ചതിന് 10 വര്‍ഷവും തെളിവ് നശിപ്പിച്ചതിന് 7 വര്‍ഷവും തടവ് അനുഭവിക്കണം. 17 വര്‍ഷത്തെ തടവ് തീര്‍ന്നതിന് ശേഷം മാത്രമേ ജീവപര്യന്തം തടവ് ആരംഭിക്കുകയുള്ളു.
അതേ സമയം പ്രതിക്ക് ലഭിച്ച ശിക്ഷയില്‍ തൃപ്തിയില്ലെന്നാണ് ഉത്രയുടെ കുടുംബം പ്രതികരിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ പഴുതുകളാണ് ഇത്തരം കുറ്റവാളികള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്ന് ഉത്രയുടെ മാതാവ് പറഞ്ഞു. വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി. കേസില്‍ പ്രോസിക്യൂഷനും അപ്പീല്‍ നല്‍കിയേക്കുമെന്നാണ് കരുതുന്നത്. വിധിപ്രസ്താവത്തിന്റെ പൂര്‍ണ്ണരൂപം ലഭിച്ചതിന് ശേഷം സര്‍ക്കാരുമായി ആലോചിച്ച് അപ്പീല്‍ സംബന്ധിച്ച് തീരുമാനം എടുക്കുമെന്ന് പ്രോസിക്യൂട്ടര്‍ പ്രതികരിച്ചു.