മകള്‍ സ്ത്രീധന പീഡനത്തിന് ഇരയായതിന് പിതാവിന്റെ ആത്മഹത്യ; മകളുടെ ഭര്‍ത്താവ് പിടിയില്‍

 | 
Suicide
മകള്‍ സ്ത്രീധന പീഡനത്തിന് ഇരയായതില്‍ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍

മലപ്പുറം: മകള്‍ സ്ത്രീധന പീഡനത്തിന് ഇരയായതില്‍ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. ആത്മഹത്യ ചെയ്ത മൂസക്കുട്ടിയുടെ മകള്‍ ഹിബയുടെ ഭര്‍ത്താവ് അബ്ദുള്‍ ഹമീദ് ആണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശമനുസരിച്ച് രൂപീകരിച്ച പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്. ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു അബ്ദുള്‍ ഹമീദ്.

കഴിഞ്ഞ മാസം 23-ം തിയതിയാണ് മൂസക്കുട്ടി ആത്മഹത്യ ചെയ്തത്. മകള്‍ സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡനം അനുഭവിക്കുകയാണെന്ന് പറയുന്ന വീഡിയോ റെക്കോര്‍ഡ് ചെയ്തതിന് ശേഷമായിരുന്നു ആത്മഹത്യ. വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ മൂസക്കുട്ടി തൂങ്ങിമരിക്കുകയായിരുന്നു. 2020 ജനുവരിയിലാണ് ഹിബയും അബ്ദുള്‍ ഹമീദും വിവാഹിതരായത്.

18 പവന്‍ സ്വര്‍ണ്ണമാണ് വിവാഹ സമയത്ത് നല്‍കിയത്. ഇത് പോരെന്ന് പറഞ്ഞതിനെ തുടര്‍ന്ന് 6 പവന്‍ കൂടി നല്‍കിയിരുന്നു. പിന്നീട് 10 പവന്‍ കൂടി നല്‍കിയില്ലെങ്കില്‍ പ്രസവിച്ചു കിടക്കുന്ന മകളെയും കുഞ്ഞിനെയും താന്‍ കൊണ്ടുപോകില്ലെന്ന് അബ്ദുള്‍ ഹമീദ് പറഞ്ഞിരുന്നു. ഇക്കാര്യം പറഞ്ഞ് അബ്ദുള്‍ ഹമീദ് വീട്ടിലെത്തി വഴക്കുണ്ടാക്കിയിരുന്നു.

പിന്നാലെയാണ് മൂസക്കുട്ടി ആത്മഹത്യ ചെയ്തത്. മൂസക്കുട്ടി ചിത്രീകരിച്ച വീഡിയോ ഉള്‍പ്പെടെ ഹിബയും സഹോദരനും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. രാത്രി ഒരുമണിയോടെ പിടികൂടിയ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.